തിരുവനന്തപുരം : ദേശീയ ഡെങ്കി ദിനത്തിനമായ മെയ് 16ന് ഡെങ്കിപ്പനി പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഊര്‍ജ്ജിതമായി നടപ്പിലാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 'ഡെങ്കിപ്പനി നിയന്ത്രണത്തിന് പൊതുജന പങ്കാളിത്തം അനിവാര്യം' എന്നതാണ് ഡെങ്കിദിന സന്ദേശം. കോവിഡ് 19 നെതിരെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്ന നിലവിലെ സാഹചര്യത്തില്‍ ഡെങ്കിപനിക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജിതപ്പെടുത്തേണ്ടതുണ്ട്. കൊതുകുജന്യ രോഗ മായ ഡെങ്കിപനിയെ തടയാനും നിയന്ത്രിക്കാനും ആവശ്യമായ മാര്‍ഗങ്ങള്‍ സമൂഹത്തിന് കാലങ്ങളായി ആരോഗ്യ വകുപ്പ് നല്കി വരുന്നുണ്ട്. വീടും പരിസരവും പൊതുസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കുകയെന്ന ലളിതമായ മാര്‍ഗത്തിലൂടെ നമുക്ക് ഡെങ്കിപ്പനിയെ പ്രതിരോധിക്കാനാകും. വീട്ടിനുള്ളിലും പരിസരത്തും അനാവശ്യമായി വെള്ളെ കെട്ടിനില്ക്കാന് അനുവദിക്കരുത്. ഇവ കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കണം.
ഹാര്‍ബറുകളില്‍ കെട്ടിയിട്ടിരിക്കുന്ന ബോട്ടുകളിലും തുറസ്സായ സ്ഥലങ്ങളില്‍ വെച്ചിരിക്കുന്ന പെട്ടികളിലും ഉന്തു വണ്ടികളിലും കൊതുക് വളരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഉപയോഗിക്കാത്ത ബോട്ടുകള്‍ കമഴ്ത്തി ഇടാന്‍ ശ്രദ്ധിക്കണം. ഒരു കൊതുക് ഒരു സമയം 100-200 വരെ മുട്ടകള്‍ ഇടാം. മുട്ട വിരിഞ്ഞ് കൊതുകാവാന്‍ ഒരാഴ്ച സമയമെടുക്കും. അതുകൊണ്ട് ആഴ്ചതോറുമുള്ള ഉറവിട നശീകരണം നടത്തിയാലേ ഡെങ്കിപ്പനി തടയുവാന്‍ സാധിക്കുകയുള്ളൂ. സമൂഹമൊന്നാകെ ഈ ഒരു ദൗത്യം സ്വമേധയാ ഏറ്റെടുത്താല്‍ ഡെങ്കിപ്പനിയെ ഫലപ്രദമായി തടയുവാന്‍ കഴിയും.
ലോക്ക് ഡൗണ്‍ കാലമായതിനാല്‍ കൂടുതല്‍ പേരും വീടുകളില്‍ കഴിയുന്ന നിലവിലെ സാഹചര്യത്തില്‍ ഡെങ്കിപ്പനിക്കെതിരെയും കരുതല്‍ വേണം.വീടും പരിസരവും ശുചീകരിക്കുന്നതോടൊപ്പം കൊതുക് വളരുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കുകയും വേണം. ഇതിനായി എല്ലാവരും സഹകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.