തിരുവനന്തപുരം : കൊവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ 11.04.2020 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനമൊട്ടാകെ നിലവില്‍ 18,451 ക്യാമ്പുകളിലായി 3,34,526 അതിഥി തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. ലേബര്‍ ക്യാമ്പ് കോഓര്‍ഡിനേറ്റര്‍മാരായ അതത് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരും ജില്ലാ ലേബര്‍ ഓഫീസര്‍മാരും 11.04.2020 വരെ 4700ലേറെ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു വിലയിരുത്തല്‍ നടത്തി.
തൊഴിലാളികള്‍ക്ക് ആവശ്യമായ കുടിവെള്ളം, ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സൗകര്യം മുതലായവ ഉറപ്പ് വരുത്തിയിട്ടുണ്ട്. അതിഥി തൊഴിലാളികള്‍ക്ക് തങ്ങളുടെ തനതു ഭക്ഷണം വേണമെന്ന് ആവശ്യപ്പെട്ടിടങ്ങളില് പ്രത്യേകമായി ചപ്പാത്തി, സബ്ജി മുതലായവയും ലഭ്യമാക്കുന്നു. ഇതോടൊപ്പം മില്‍മ വഴി പാലും ക്യാമ്പുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ ജില്ലാ ഭരണകൂടം മുഖേന ഏര്‍പ്പെടുത്തിയ കമ്മ്യൂണിറ്റി കിച്ചണ്‍ വക ഭക്ഷണവും വിതരണം ചെയ്തിട്ടുണ്ട്. ഭക്ഷണം പാകം ചെയ്യാന്‍ തയാറുള്ളവര്‍ക്ക് അതിനുള്ള അവശ്യ സാധനങ്ങള്‍ എത്തിക്കുകയും ചെയ്യുന്നുണ്ട്. ബന്ധപ്പെട്ട ലേബര്‍ കോണ്ട്രാക്റ്റര്മാര് വഴിയും ഭക്ഷണവും താമസവും കുടിവെള്ളമുള്‍പ്പെടെയുള്ള സൗകര്യവും ഉറപ്പാക്കുന്നു.
'
അതിഥി തൊഴിലാളികളുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും അവ അപ്പപ്പോള്‍ ബന്ധപ്പെട്ടവരെ അറിയിച്ച് പ്രശ്നപരിഹാരത്തിനായി ലേബര്‍ കമ്മീഷണറേറ്റില്‍ കോള്‍ സെന്ററും അതത് ജില്ലാ ലേബര്‍ ഓഫീസുകള്‍ കേന്ദ്രീകരിച്ച് ഹെല്‍പ്പ് ഡെസ്ക്കുകളും സജ്ജീകരിച്ചിട്ടുണ്ട്.
അതിഥി തൊഴിലാളികള്‍ക്കിടയില്‍ കൊവിഡ്-19 നെപറ്റി ഹിന്ദി, ഒഡിയ, ബംഗാളി, അസാമീസ് തുടങ്ങിയ ഭാഷാ പ്രാവീണ്യം ഉള്ളവരെ ഉള്‍പ്പെടുത്തിയാണ് അവബോധം നല്‍കുന്നുണ്ട്. ഇതോടൊപ്പം അതിഥി തൊഴിലാളികള്‍ക്ക് മാസ്ക്ക്, സാനിറ്റൈസര്‍ ഉള്‍പ്പെടെയുള്ള സാമഗ്രികളും നല്കുന്നു. ലോക്ക് ഡൗണ്‍ മൂലമുണ്ടായേക്കാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരമായി അതിഥി തൊഴിലാളികള്‍ക്ക് ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മെഡിക്കല്‍ സൗകര്യവും കൗണ്‍സിലിംഗും ലേബര്‍ ക്യാമ്പുകളില്‍ ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹായത്തോടെ ഉറപ്പാക്കിയിട്ടുമുണ്ട്. ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്ന അതിഥി തൊഴിലാളികള്‍ക്ക് മാനസികോല്ലാസത്തിനായി ചെസ്, കാരംസ് ബോര്‍ഡുകള്‍ എന്നിവയ്ക്കൊപ്പം ടെലിവിഷനും ഉറപ്പാക്കിയിട്ടുണ്ട്.