തിരുവനന്തപുരം : കേരളത്തിലെ അതിഥി തൊഴിലാളി ക്യാമ്പുകളില്‍ സംസ്ഥാന സര്‍ക്കാര്‍ ഭക്ഷണം നല്‍കുന്നില്ലെന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധം. അതിഥി തൊഴിലാളി ക്യാമ്പുകളില്‍ അതത് ജില്ലാ ഭരണ സംവിധാനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, തൊഴില്‍ വകുപ്പ്, പോലീസ്, ആരോഗ്യം, സിവില്‍ സപ്ലൈസ് വകുപ്പുള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ വഴി സംസ്ഥാന സര്‍ക്കാര്‍ ഭക്ഷണം, താമസം ഉള്‍പ്പെടെയുള്ള സൗകര്യങ്ങല്‍ ഉറപ്പാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് നിലവിലുള്ള 18,828 ക്യാമ്പുകള്‍ വഴി 3,31,903 അതിഥി തൊഴിലാളികള്‍ക്ക് (ഇത് 10.04.2020 വരെയുള്ള കണക്കാണ്) ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന സ്റ്റാറ്റസ് റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കുന്നില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് ഇന്ത്യന്‍ എക്സ്പ്രസ് പത്രവും എംഎസ്എന്‍ ഡോട്ട് കോമും വാര്‍ത്ത നല്‍കിയിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ അതിഥി തൊഴിലാളികള്‍ക്കായി നല്കുന്ന സഹായങ്ങളെക്കുറിച്ച് ഒരു വിധ അന്വേഷണവും നടത്താതെയും അവാസ്തവമായ വാര്‍ത്ത നല്‍കുകയും വഴി സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഇതര സംസ്ഥാനങ്ങളില്‍ അവമതിപ്പുണ്ടാക്കുകയാണ്. വസ്തുതാ വിരുദ്ധമായ വാര്‍ത്തകള്‍ നല്‍കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് അതിഥി തൊഴിലാളികളുടെ സ്വന്തം നാട്ടിലുള്ള കുടുംബങ്ങളില്‍ ഭീതിയും അസ്വസ്ഥതയും ജനിപ്പിക്കും. വിവരങ്ങള്‍ സുതാര്യമായി നല്കാന് ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കണമെന്നും ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതിനാഥ് ഐഎഎസ് ആവശ്യപ്പെട്ടു.