കാട്ടാക്കട : നെയ്യാർ ഡാം ഹയർ സെക്കന്ററി സ്കൂന്റെ ഓട് മേഞ്ഞ പഴയ കെട്ടിടം ഭാഗീകമായി തകർന്നു വീണു. ഭാഗ്യം കൊണ്ട് മാത്രമാണ് ദുരന്തങ്ങൾ ഉണ്ടാകാതിരുന്നത്. ഈ കെട്ടിടം പൊളിച്ചു പുതിയ കെട്ടിടം പണിയാൻ തീരുമാനിച്ചിരുന്ന കെട്ടിടത്തിന്റെ മേൽക്കൂരയാണ് ഇപ്പോൾ തകർന്നത്. എന്നാൽ ഇതിന്റെ തുടർ പ്രവർത്തനങ്ങൾ ഇഴയുന്നതായും ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് കെട്ടിടത്തിന്റെ രണ്ടു ക്ലാസ് മുറികളിലെ മേൽക്കൂര നിലംപതിച്ചത്. വെള്ളിയാഴ്ച രാവിലെ 8 മണിയോടെ മേൽക്കര തകർന്നു നിലംപൊത്തിയത്.
ഇവിടെ ക്ലാസ്സുകൾ നടത്താറില്ല എങ്കിലും പൊളിഞ്ഞു വീഴാറായ ഈ കെട്ടിടത്തിന്റെ വരാന്തകളിലും പരിസരത്തും രാവിലെ സ്കൂളിൽ നേരത്തെ എത്തുന്ന വിദ്യാർത്ഥികൾ അധ്യയനം തുടങ്ങുന്നതുവരെ സമയം ചിലവഴിക്കുന്നത് എന്ന് വിദ്യാർത്ഥികൾ തന്നെ പറയുന്നു. പരീക്ഷ കാലമായതിനാൽ വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെത്തെ വരാന്തയിലിരുന്നു പഠിച്ചിരുന്നു. രാവിലെ 8 30 ഓടെയാണ് കുട്ടികൾ എത്തുക. മിനിറ്റുകൾ നേരത്തെ മേൽക്കൂര നിലം പതിച്ചതിനാൽ യാതൊരു വിധ അനിഷ്ട്ട സംഭവവും ഉണ്ടായില്ല.
കൂടതെ ഇടവേള സമയങ്ങളിലും വൈകുന്നേരവും കുട്ടികൾ ഇവിടെ കളിക്കാനും കൂട്ടമായി ഇരിക്കുന്നതിനും സമീപത്തെ കുടിവെള്ള പൈപ് ഉപയോഗിക്കുന്നതിനും എത്തുമായിരുന്നു. അപകടാവസ്ഥയിലുള്ള കെട്ടിടത്തിന് സമീപം എത്തുന്ന കുട്ടികളെ ആരും വിലക്കുകയോ കുട്ടികൾ ഈ ഭാഗത്തേക്ക് കടക്കാതിരിക്കാൻ സുരക്ഷാ ക്രമീകരണങ്ങളോ ഒന്നും ചെയ്തിട്ടില്ല. ഇതിനു സമീപം ആണ് സ്കൂൾ ബസുകൾ പാർക്ക് ചെയ്യുന്നതും വിദ്യാർത്ഥികളെ ബസിൽ കയറ്റുന്നതും. രണ്ടു മാസത്തിനു മുന്നേ ഈ കെട്ടിടത്തിന് മുകളിൽ നിന്നും ഓട് നിലം പതിച്ചത് സ്കൂളിൽ എത്തിയ രക്ഷിതാക്കളുടെ ശ്രദ്ധയിൽ പെടുകയും ഇത് പി.ടി.എയും ആദ്യപകരെയും അറിയിച്ചിരുന്നു. എന്നാൽ ഇത് ഇവർ ചെവികൊണ്ടില്ലന്നും ആരോപണം ഉണ്ട്.
കെട്ടിടം പൊളിച്ചു നീക്കുന്നതിനു അനുമതി തേടി ജില്ലപഞ്ചായത്തിന് കത്തു നല്കിയിട്ടുള്ളതായി ആണ് അധികൃതർ പറയുന്നത് സംഭവത്തെ കുറിച്ചു കൂടുതൽ പ്രതികരിക്കാനും ഇവർ തയാറായില്ല. കാലങ്ങൾക്ക് മുൻപ് പാറ ഉപയോഗിച്ചു നിർമ്മിച്ച കെട്ടിട ഭിത്തിയിൽ ഉള്ള മേൽക്കൂര പലഭാഗത്തും വശം ചരിഞ്ഞു നിരതെറ്റിയും, വരാന്തയിൽ നാട്ടിയിട്ടുള്ള തൂണുകൾ മറിഞ്ഞു വീഴാറായ നിലയിലാണ്. ഈ അവസ്ഥയിൽ തുടരുകയാണെങ്കിൽ ഇനിയും കൂടുതൽ പൊളിഞ്ഞു വീഴാനുള്ള സാധ്യതയും ഏറെയാണ്. അധികൃതർ അടിയന്തിരമായി വേണ്ട ക്രമീകരണങ്ങൾ ഒരുക്കണം എന്നും അധികൃതരുടെ ഭാഗത്തുള്ള ഗുരുതര വീഴ്ച അന്വേഷിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
9.50 തോടെ കളക്ട്രേറ്ററിൽനിന്നുള്ള നിർദേശപ്രകാരം നെയ്യാർഡാം അഗ്നിശമന യൂണിറ്റ് ആംബുലൻസ്, പോലീസും തഹസിൽദാരും സ്കൂളിൽ പരിശോധനയ്ക്ക് എത്തി. അതേ സമയം സ്കൂളിന് സുരക്ഷാ പ്രശ്നങ്ങൾ ഒന്നും ഇല്ല എന്നും കെട്ടിടം രാവിലെ പൊളിഞ്ഞു വീണതല്ല എന്നും ഇവർ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചു മടക്കി അയച്ചു. എന്നാൽ രാവിലെ 8 മണിക്ക് കെട്ടിടം പൊളിഞ്ഞു വീണവിവരം അറിഞ്ഞു എത്തിയ മാധ്യമ പ്രവർത്തകർ പൊളിഞ്ഞു വീണ കെട്ടിടവും പരിസരവും ചിത്രീകരിച്ചു മടങ്ങിയ ശേഷം സുരക്ഷാ പ്രശ്നം ഉണ്ടെന്നു മനസിലാക്കിയ സ്കൂൾ പി.റ്റിയെയുമായി ബന്ധമുള്ള ചിലർ കെട്ടിടത്തിന് സമീപത്തേക്ക് ആരും കടക്കാതിരിക്കാൻ പച്ച വിരി വലിച്ചു കെട്ടുകയും ചെയ്തു.
അഗ്നിശമന എത്തും മുന്നേ സ്ഥലത്തെത്തിയ ചില മാധ്യമ പ്രവർത്തകർ സ്കൂളിലേക്ക് കയറാൻ തുനിഞ്ഞത് ചില അധ്യാപകരും പി.റ്റി.എ യിൽ ചിലരും തടസ്സപ്പെടുത്തി. ഈ സമയം സുരക്ഷക്കായി പച്ച വിരി കെട്ടാനാണ് മധ്യമ പ്രവർത്തകരെ അകത്തേക്ക് പ്രവേശിക്കുന്നതിൽ നിന്നും വിലക്കിയത്. തുടർന്ന് സ്ഥലത്തെത്തിയ റവന്യു അഗ്നിസേന അധികാരികൾക്കൊപ്പം അകത്തു കടന്ന മാധ്യമ പ്രവർത്തകർ കെട്ടിടവും പരിസരവും പകർത്തി. പരിശോധനക്ക് എത്തിയ ഉദ്യോഗസ്ഥരെ കുട്ടികൾ കടക്കാതിരിക്കാൻ ഇവിടെ പച്ച വിരി കെട്ടിയതെന്നും ആറുമാസത്തിലേറെയായി ഈ പരിസരത്തു ആരും കടക്കറില്ല എന്നു തെറ്റിദ്ധരിപ്പിച്ചു മടക്കി അയക്കുകയായിരുന്നു. മാസങ്ങളായി ആരും കടക്കുന്നില്ല എന്നു പി റ്റി എ പറഞ്ഞയിടത്ത് ചവർ കൂനയോ മറ്റു അവശിഷ്ടങ്ങളോ ഒന്നും തന്നെയില്ല. മാസങ്ങൾക്ക് മുമ്പ് സുരക്ഷാ ക്രമീകരണം ഒരുക്കി എന്നു പറയുമ്പോഴും പച്ചയും വെള്ളയും ഇടകലർന്ന വേലിക്കായി കെട്ടിയ വിരിയിൽ കഴിഞ്ഞ ദിവസം പെയ്ത മഴയിലും ചെളിയോ പൊടിയും പതിഞ്ഞിട്ടില്ലാ മാസങ്ങളായി കാത്തു സൂക്ഷിച്ചു എന്നത് പി.റ്റി.എ മികവെന്നു ഒരു പക്ഷം പറയുന്നു.
കോടികൾ മുടക്കി സ്കൂൾ കെട്ടിട നിർമ്മാണം ഒരു വശത്തു നടക്കുമ്പോൾ ഉള്ള നേട്ടത്തെക്കാൾ വലുതല്ല ഒരു വശത്തു കുട്ടികൾക്ക് മേൽ കെട്ടിടം പതിച്ചുണ്ടാകുന്ന അപകടം എന്ന മട്ടിലാണ് പി റ്റി എ. എന്ന ആക്ഷേപവും നാട്ടുകാർക്കിടയിലും രക്ഷിതാക്കൾക്കിടയിലും ഉണ്ട്. എന്നാൽ പൊളിഞ്ഞ കെട്ടിടത്തിന് സമീപം ഇപ്പോൾ അധ്യയനം നടക്കുന്ന കെട്ടിടത്തിനും പഞ്ചായത്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല എന്നാണ് അറിയുന്നത്. ഇതും ഗുരുതര വീഴ്ചയാണ് ചൂണ്ടി കാട്ടുന്നത്. എന്തയാലും കാട്ടാക്കട തഹസിൽദാർ പഞ്ചായത്തു സെക്രട്ടറി , എ ഈ എന്നിവരോട് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്.