കാട്ടാക്കട: പൂവച്ചൽ പഞ്ചായത്തിലെ ചക്കിപ്പാറയിൽ അനുമതിയില്ലാതെ പ്രവർത്തിച്ചിരുന്ന പന്നി വളർത്തൽ കേന്ദ്രം പഞ്ചായത്ത് ഇടപെട്ട് പൂട്ടി. ഇവിടെയുണ്ടായിരുന്ന 60 തോളം പന്നികളെ കൂത്താട്ടുകുളത്തെ മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യ ഫാമിലേക്കു മാറ്റി.
കൊണ്ണിയൂർ- പുനലാൽ റോഡിലെ ചക്കിപ്പാറയിൽ രാജൻ ക്ളീറ്റസ് എന്നയാളിന്റെ ഫാമാണ് ചൊവ്വാഴ്ച പഞ്ചായത്ത് പ്രസിഡന്റ് കെ.രാമചന്ദ്രന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ്, കാട്ടാക്കട പോലീസിന്റെ സഹായത്തോടെ പൂട്ടിയത്. നാട്ടുകാർക്കും, വഴിയാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ പ്രവർത്തിച്ചിരുന്ന കേന്ദ്രം പരാതിയെ തുടർന്ന് അടച്ചുപൂട്ടാൻ ജില്ലാ ഭരണകൂടം നിർദേശം നൽകിയിരുന്നു.
പഞ്ചായത്തും നിരവധി തവണ നോട്ടീസ് നൽകിയിരുന്നെങ്കിലും ഉടമ പൂട്ടാൻ തയ്യാറായില്ല. തുടർന്നാണ് അധികൃതർ പന്നികളെ നീക്കി കേന്ദ്രം അടപ്പിച്ചത്. പന്നികളെ കൊണ്ടുപോകും എന്നറിഞ്ഞ് ഉടമ ഫാമിലേക്കുള്ള വഴിയിൽ ചെറിയ ലോറി കൊണ്ടിട്ട് തടസപ്പെടുത്തിയിരുന്നു. വാഹനം നീക്കം ചെയ്യാൻ ഉടമയോടു അവശ്യപ്പെട്ടെങ്കിലും വാഹനം മാറ്റാൻ കഴിയില്ലന്ന് ഉടമ പറഞ്ഞു.തുടർന്നു നാട്ടുകാരും ചേർന്ന് വാഹനം തള്ളിമാറ്റി യാണ് മൃഗാശുപത്രിയിലെ ഡോ. ജൂലി, ഹെൽത്ത് ഇൻസ്പെക്ടർമാരായ ഡി.കെ.ശശിധരൻ, ശ്രീകുമാർ, പഞ്ചായത്ത് ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് പന്നികളെ മാറ്റിയത്.