മൂവാറ്റുപുഴ, ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിൻ്റയും, ജൂനിയർ റഡ്ക്രോസ് യുണിറ്റിൻ്റെയും, മറ്റ് ക്ലബുകളുടെയും സംസ്ഥാന എക്സൈസ് വകുപ്പിൻ്റെ വിമുക്തി, ലഹരിവിരുദ്ധ ക്ലബ്, ഡയിൽവ്യൂ ഡീ അഡിക്ഷൻ സെൻ്റർ തുടങ്ങിയവയുടെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥികളും, അധ്യാപകരും ,പി.റ്റി.എ അംഗങ്ങളും ചേർന്ന് ലഹരി മാഫിയയ്ക്കെതിരെ നിർമ്മിച്ച "സ്കെച്ച്" എന്ന ഷോർട്ട് ഫിലിം എറണാകുളം എക്സൈസ് ഡപ്പ്യൂട്ടി കമ്മിഷണൽ എ.എസ് രഞ്ജിത് ഉത്ഘാടനം നടത്തി പ്രകാശനം ചെയ്തു. അസിസ്റ്റൻ്റ് എക്സൈസ് കമ്മിഷണർ സജിത്കുമാർ, മൂവാറ്റുപുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വൈ പ്രസാദ്, എക്സൈസ് ഇൻസ്പെക്ടർ പി.കെ സതീഷ്, അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർമാരായ എം.കെ രജു, വി.എ ജബാർ, പ്രിവൻ്റീവ് ഓഫീസർമാരായ കെ.എസ് ഇബ്രാഹിം, പി.ഇ ബഷീർ, എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് എം.എ.കെ ഫൈസൽ, ജില്ല പ്രസിഡൻ്റ് കെ.കെ രമേശൻ, ജില്ല സെക്രട്ടറി റ്റി.ജെ ഡേവിഡ്, വി.എച്ച്.എസ് ഇ സീനിയർ അസിസ്റ്റൻറ് റനിത ഗോവിന്ദ് തുടങ്ങിയവർ പങ്കെടുത്തു.
അറിഞ്ഞും അറിയാതെയും , കൂട്ടുകാരുടെ നിർബന്ധത്താലും ലഹരി വസ്തുക്കൾക്ക് അടിമയാകുന്ന സ്കൂൾ വിദ്യാർത്ഥികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ മയക്കുമരുന്നിനും ലഹരിയ്ക്ക് അടിമയായ ഒരു വിദ്യാർത്ഥിയെ നേർവഴിയിൽ എത്തിയ്ക്കാനായി സഹപാഠികളുടെ നേതൃത്വത്തിൽ ലഹരി മാഫിയയെ " സ്കെച്ച് " ചെയ്ത് പോലീസിനെയും എക്സൈസിനെയും അറിയിച്ച് ലഹരിയുടെ അടിമത്വത്തിൽ നിന്നും മോചിപ്പിക്കുന്ന മാതൃക പ്രവർത്തനത്തെ പൊതു ജനങ്ങളിൽ എത്തിക്കുകയാണ് സ്കെച്ച് എന്ന ഷോർട്ട് ഫിലിമിലൂടെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്നത്.
തിരുവനന്തപുരത്ത് നടന തിലകൻ സ്മാരക ഷോർട്ട് ഫിലിം ഫെസ്റ്റിവലിലും, നെഹ്റു യുവകേന്ദ്ര - ഭാവന ഷോർട്ട് ഫിലിം ഫെസ്റ്റിവലിലും സ്പെഷ്യൽ ജൂറി അവാർഡും നേടിയിട്ടുണ്ട്. പോർട്ട് വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി.
വിദ്യാർത്ഥിയായ അജയ് ബിജു സംവിധാനവും അധ്യാപകനായ സമീർ സിദ്ദീഖി നിർമ്മാണവും, അനന്തു പത്മനാഭൻ ക്യാമറയും, സനൂപ് മാറാടി ക്രിയേറ്റീവ് ഹെഡായും, റഹീം പനവൂർ പബ്ലിക് റിലേഷൻ ഓഫീസറായും, അമ്പു കുറ്റിച്ചൽ ഗ്രാഫിക് ഡിസൈനറായും നിർമ്മിച്ച ഷോർട്ട് ഫിലിമിൽ വിദ്യാർത്ഥികളായ അമൽറോയ് , ആരോമൽ ഇ കെ, അഷ്കർനൗഷാദ്, മുഹമ്മദ്ഇമ്രാൻ, അജയ്ബിജു, അധ്യാപകരായ സമീർ സിദ്ദീഖി, രതീഷ് വിജയൻ, വിനോദ് ഇ ആർ, പി.റ്റി.എ പ്രസിഡൻ്റ് അനിൽകുമാർ പി.റ്റി, മനോജ് പാറയിൽ എന്നിവർ അഭിനയിച്ചു.





