ബാലരാമപുരം : തൊങ്ങൽ നെല്ലിമൂട് ഗവ.എൽ.പി സ്കൂളിലെ 51 കൊച്ചു കൂട്ടുകാരുടെയും വീട്ടിൽ "കുഞ്ഞ് വായനക്കൊരു പുസ്തകക്കൂട്" എന്ന പേരിൽ വീട്ടിൽ ലൈബ്രറി സ്ഥാപിച്ചു സമ്പൂർണ്ണ ലൈബ്രറി പ്രഖ്യാപനം നടത്തി. ഒന്നാം ക്ലാസിലെ സാനിയയുടെ വീട്ടിൽ ഹോം ലൈബ്രറി ഉദ്ഘാടനം ചെയ്തു കൊണ്ട് സമ്പൂർണ്ണ ഹോം ലൈബ്രറി പ്രഖ്യാപനം സമഗ്ര ശിക്ഷ കേരള ഡി.പി.ഓ. ബി. ശ്രീകുമാരനും ,സമ്പൂർണ്ണ ക്ലാസ് ലൈബ്രറി പ്രഖ്യാപനം ബി.പി.ഓ എസ്.ജി അനീഷും നിർവ്വഹിച്ചു.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ജില്ലയിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കിയ സമ്പൂർണ്ണ ക്ലാസ് ലൈബ്രറി പദ്ധതിയായ"സർഗ്ഗ വായന സമ്പൂർണ്ണ വായന" പദ്ധതിയുടെ ചുവട് പിടിച്ചാണ് വീട്ടിലും ലൈബ്രറി സജ്ജമാക്കിയത്.
കഴിഞ്ഞ അധ്യയന വർഷം 30 കുട്ടികളാണ് ഈ സ്കൂളിൽ പഠനം നടത്തിയിരുന്നത്. മികവാർന്ന ധാരാളം പ്രവർത്തനങ്ങളിലൂടെയും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെയും കരുത്തിൽ ഈ അധ്യയന വർഷം കുട്ടികളുടെ എണ്ണം 51 ആയി മാറുകയായിരുന്നു. വരുന്ന അധ്യയനവർഷം 100 ലധികം കുട്ടികൾ ഈ വിദ്യാലയത്തിലുണ്ടാകും എന്ന തികഞ്ഞ ആത്മ വിശ്വാസത്തിലാണ് ഇവിടത്തെ അധ്യാപകരും രക്ഷിതാക്കളും.
മുന്നേറ്റം പദ്ധതിയിൽ ഉൾപ്പെട്ട ഈ വിദ്യാലയത്തിൽ 10 ഘട്ട പ്രവർത്തനങ്ങളാണ് സമഗ്ര ശിക്ഷ കേരളയുടെ മേൽനോട്ടത്തിൽ നടപ്പിലാക്കിയത്. ഈ വിദ്യാലയത്തോട് ചേർന്ന് പ്രവർത്തിക്കുന്ന പ്രീ പ്രൈമറി സമഗ്രശിക്ഷാ കേരള കഴിഞ്ഞ അധ്യയന വർഷം നൽകിയ ഫണ്ട് ഉപയോഗിച്ച് മെച്ചപ്പെടുത്തുകയും ലീഡ് സ്കൂൾ എന്ന നിലയിൽ ഉയരുകയും ചെയ്യ്തു. ഇത് പ്രീ പ്രൈമറിയിലും കുട്ടികളുടെ എണ്ണം 20-ൽ നിന്ന് 47 ആയി മാറാൻ സഹായിച്ചു. വീട്ടിലും ക്ലാസിലും ലൈബ്രറി സ്ഥാപിക്കുന്നതിനോടൊപ്പം വായനക്കുറിപ്പ് നിക്ഷേപിക്കാൻ "വായന ചെപ്പ് " എന്ന പേരിൽ സ്കൂളിൽ ഒരു ബോക്സ് സ്ഥാപിക്കുകയും ചെയ്തു.
വായിച്ച പുസ്തകങ്ങളുടെ കുറിപ്പ് കുട്ടികൾ ഈ ബോക്സിൽ നിക്ഷേപിക്കുകയും സമ്പൂർണ്ണ ലൈബ്രറി പ്രഖ്യാപനം നടന്ന ഇന്ന് മികച്ച വായനക്കാരെ കണ്ടെത്തി പുരസ്ക്കാര സമർപ്പണം നടത്തുകയും ചെയ്യ്തു. രണ്ടാം ക്ലാസിലെ ആര്യാ.വി.എസ്, ജ്യോതി.എസ്.കെ എന്നിവർ 56 പുസ്തകങ്ങൾ വായിച്ചു കൊണ്ട് വായനാ പുരസ്ക്കാരം കരസ്ഥമാക്കി. ഇതോടൊപ്പം വീട്ടിൽ ലൈബ്രറി ഒരുക്കിയ രക്ഷിതാവിനെയും പ്രശംസാപത്രം നൽകി ആദരിച്ചു. പൂർവ്വ വിദ്യാർത്ഥികൾ, ജനപ്രതിനിധികൾ, പൂർവ്വ അധ്യാപകർ, രക്ഷിതാക്കൾ , നാട്ടിലെ പ്രതിഭകൾ എന്നിവരുടെ കൂട്ടായ പരിശ്രമവും പിന്തുണയുമാണ് ഇന്ന് ഈ വിദ്യാലയത്തിന്റെ കരുത്ത്.




