കല്ലമ്പലം : അടിപിടികേസ് കഞ്ചാവ് കേസ് കൊലപാതക ശ്രമം ഉൾപ്പെടെ നിരവധി കേസിലെ പ്രതികൾ രണ്ട് കിലോ കഞ്ചാവുമായി പിടിയിലായി. കുടവൂർ, പുതുശ്ശേരിമുക്ക്, വണ്ടിത്തടം ചരുവിളപുത്തൻ വീട്ടിൽ ആട്ടോ ജാഫർ എന്ന ജാഫർ [43], ഇയാളുടെ സഹായിയും കൂട്ട് കച്ചവടക്കാരനുമായ കടുവാപ്പള്ളിക്ക് സമീപം എച്ചാംകോട് മേലെവിള പുത്തൻവീട്ടിൽ നസീം [33] എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ജാഫറിന്റെ കൈവശമുള്ള ടാറ്റ സുമോ കാറിൽ വന്ന് കടുവാപ്പള്ളി മലയിൽകോണം എന്ന സ്ഥലത്ത് എത്തി ആവശ്യക്കാരെ വിളിച്ചു വരുത്തി കഞ്ചാവ് പൊതികൾ വിൽപ്പന നടത്തുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ്.
പ്രതികളുടെ ശരീരത്തിൽ ന്യൂസ് പേപ്പറിൽ ചെറു പൊതികളാക്കി വച്ച നിലയിലും കവറുകളിൽ 1.5 കിലോ കഞ്ചാവ് പൊതിഞ്ഞു കൊടുക്കാൻ പാകത്തിൽ വച്ചനിലയിലായിരുന്നു. കഞ്ചാവിനൊപ്പം വിൽപ്പന നടത്തി കിട്ടിയ പണവും ടാറ്റ സുമോ കാറും പിടിച്ചെടുത്തു.
ആട്ടോ ജാഫറിനെ രണ്ട് മാസത്തിന് മുൻപ് അയിരൂർ പോലീസ് മുക്കാക്കിലോ കഞ്ചാവുമായി അറസ്റ്റ് ചെയ്തിരുന്നു. ആ കേസിൽ ഉപാധികളോടെ ജാമ്യത്തിൽ കഴിയവേയാണ് കഞ്ചാവ് കേസിൽ പിടിയിലായത്. ജാമ്യത്തിലിറങ്ങിയ ജാഫർ പോലീസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു എന്ന് പോലീസ് പറഞ്ഞു.
തിരുവനന്തപുരം റൂറൽ എസ്.പി ബി അശോകൻ ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡി.വൈ.എസ്.പി ബേബിയുടെ നേതൃത്വത്തിൽ കല്ലമ്പലം പോലീസ് ഇൻസ്പെക്ടർ ഫറോസ്.ഐ, സബ് ഇൻസ്പെക്ടർ നിജാം.വി, അഡീഷണൽ സബ് ഇൻസ്പെക്ടർ എം.കെ.സക്കീർ ഹുസ്സൈൻ, എസ്.സി.പി.ഓ മാരായ അനൂപ്, ഷാൻ, മനോജ്, സതീശൻ, എ.എസ്.ഐ സുനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കഞ്ചാവ് തുടങ്ങി മറ്റു ലഹരി വസ്തുക്കൾ വില്പന തടയുന്നതിന് ശക്തമായ നടപടികൾ സ്വീകരിച്ചു വരുന്നതായി പോലീസ് അറിയിച്ചു.


