ഉഴമലയ്ക്കൽ: കാറിടിച്ച് ചികിത്സയിലായിരുന്ന യൂത്ത് കോൺഗ്രസ് അരുവിക്കര നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് വിപിൻ പുളിമൂട് (38) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പുളിമൂട് വിപിൻ ഭവനിൽ നെൽസൺ-സുമതി ദമ്പതികളുടെ മകനാണ്. ഓട്ടോറിക്ഷാ തൊഴിലാളി കൂടിയായ വിപിന്റെ വിയോഗം നാടിനെ ദുഃഖത്തിലാഴ്ത്തി.
ഇക്കഴിഞ്ഞ ഇരുപതാം തീയതി രാത്രി 11.30-ഓടെ പുളിമൂട് പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. കളിയിൽനടയിൽ നിന്നും ആര്യനാട്ടേക്ക് ബൈക്കിൽ പോകുകയായിരുന്ന വിപിനെ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. അപകടമുണ്ടാക്കിയ വാഹനം നിർത്താതെ പോയി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് റോഡിൽ കിടന്ന വിപിനെ നാട്ടുകാരാണ് ആദ്യം ലോക്കൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും എത്തിച്ചത്.
അപകടത്തിൽ യൂത്ത് കോൺഗ്രസ് അരുവിക്കര നിയോജകമണ്ഡലം പ്രസിഡന്റും ഉഴമലയ്ക്കൽ പഞ്ചായത്ത് അംഗവുമായ കുളപ്പട ഫിറോസ് കാട്ടാക്കട ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. വിപിൻ സഞ്ചരിച്ച ബൈക്കിന് കാര്യമായ കേടുപാടുകൾ ഇല്ലാത്തതും ശരീരത്തിന് പുറത്ത് മറ്റ് പരിക്കുകൾ ഇല്ലാത്തതുമാണ് സംശയത്തിന് ഇടയാക്കുന്നത്. സൈഡ് ഇൻഡിക്കേറ്റർ, ഫുട്റെസ്റ്റ് എന്നിവ റോഡിൽ ഉരഞ്ഞ പാടുകൾ മാത്രമാണ് ബൈക്കിലുള്ളത്. എന്നാൽ തലയ്ക്കുള്ളിലേറ്റ ആഴത്തിലുള്ള പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും 'ഷെവർലെ സ്പാർക്ക്' വിഭാഗത്തിൽപ്പെട്ട കാറാണ് അപകടമുണ്ടാക്കിയതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ഈ വാഹനം ഇതുവരെ കണ്ടെത്താനായിട്ടില്ല. സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നമ്പറും വ്യക്തമായി കാണാനും കഴിയാത്ത സാഹചര്യവും ഉണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവരുന്നതോടെ മരണത്തിലെ കൂടുതൽ വ്യക്തത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസും ബന്ധുക്കളും. ശാലിനിയാണ് വിപിന്റെ ഭാര്യ. മക്കൾ: ഹേബ, ഹെവൻ. കാർ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തുണ്ട്.


