തവനൂർ: നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആഹ്ലാദപ്രകടനത്തിനിടെ ആടിനെ കൊന്ന് തല പ്രദർശിപ്പിച്ച സംഭവത്തിൽ മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. തവനൂർ മണ്ഡലത്തിലെ തൃപ്രങ്ങോട് പഞ്ചായത്തിലെ പെരുന്തല്ലൂർ അങ്ങാടിയിലാണ് കഴിഞ്ഞദിവസം ഈ അതിക്രമം നടന്നത്. ചോരയൊലിക്കുന്ന ആടിന്റെ തല വടിയിൽ കെട്ടി പൊതുനിരത്തിൽ പ്രദർശിപ്പിച്ചു കൊണ്ടായിരുന്നു പ്രവർത്തകരുടെ ആഹ്ലാദപ്രകടനം.
യൂത്ത് ലീഗ് പെരുന്നല്ലൂർ വാർഡ് സെക്രട്ടറിയും തൃപ്രങ്ങോട് പഞ്ചായത്ത് ഭാരവാഹിയുമായ കുരിക്കൾപടി മച്ചിങ്ങൽ റാഫി, വാൽപറമ്പിൽ ഷുഹൈബ് എന്നിവരുടെ നേതൃത്വത്തിലാണ് ഈ ക്രൂരത നടന്നതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. മൃഗങ്ങളോടുള്ള അതിക്രൂരമായ പെരുമാറ്റത്തിന്റെ ദൃശ്യങ്ങൾ ഇവർ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. വീഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള വിമർശനമാണ് വിവിധ സംഘടനകളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ഉയരുന്നത്.
വിജയാഹ്ലാദത്തിന്റെ പേരിൽ ഇത്തരം അറപ്പുളവാക്കുന്ന പ്രവൃത്തികൾ ചെയ്യുന്നത് വരും ദിവസങ്ങളിൽ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതുറക്കും. സമാധാനപരമായി നടക്കേണ്ട ആഘോഷങ്ങളെ അക്രമാസക്തമായ രീതിയിലേക്ക് മാറ്റുന്നതിനെതിരെ ശക്തമായ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


