ആര്യനാട്: ആര്യനാട് സർക്കാർ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെ ചികിത്സയ്ക്കെത്തിയ മൂന്നംഗ സംഘം ക്രൂരമായി മർദ്ദിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ജോയ് മോനെയാണ് ആര്യനാട് കാനക്കുഴി സ്വദേശികളായ യുവാക്കൾ ആക്രമിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. തലയിൽ പത്ത് തുന്നലുകൾ ഉണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കാനക്കുഴി സ്വദേശികളായ സഹോദരങ്ങൾ അമൽ ഐസന്റ്, അഖിൽ ഐസന്റ്, സുഹൃത്ത് ഷിൻജിൻ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. കയ്യിൽ മുറിവുമായി ചികിത്സയ്ക്കെത്തിയതായിരുന്നു യുവാക്കൾ. ഒപി ടിക്കറ്റ് എടുത്ത് വരാൻ ഡോക്ടർ നിർദ്ദേശിച്ചെങ്കിലും ഇവർ ആദ്യം തയ്യാറായില്ല. പിന്നീട് മടങ്ങിപ്പോയ ഇവർ ഓട്ടോറിക്ഷയിൽ വീണ്ടും ആശുപത്രിയിലെത്തി ടിക്കറ്റെടുത്തു. എന്നാൽ ഡോക്ടറെ കണ്ട ഉടൻ 'നീ എന്നെ പരിശോധിക്കില്ലേ' എന്ന് ആക്രോശിച്ചുകൊണ്ട് അക്രമിസംഘം സമീപം രോഗികളെ ഇരുത്തി പരിശോധക്ക് ഇട്ടിരുന്ന ഇരുമ്പ് സ്റ്റൂൾ എടുത്ത് ഡോക്ടറുടെ തലയ്ക്കടിക്കുകയായിരുന്നു.
പ്രതികളെ ആശുപത്രിയിൽ വച്ച് തന്നെ ആര്യനാട് പോലീസ് പിടികൂടി. ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേർന്നാണ് ഡോക്ടറെ ഉടൻ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. ഡോക്ടറുടെ തലയ്ക്ക് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. യാതൊരു പ്രകോപനവുമില്ലാതെയാണ് യുവാക്കൾ അക്രമം അഴിച്ചുവിട്ടതെന്ന് ആശുപത്രി ജീവനക്കാർ പറഞ്ഞു.
ആശുപത്രികൾക്ക് നേരെയും ആരോഗ്യപ്രവർത്തകർക്ക് നേരെയും വർധിച്ചുവരുന്ന അക്രമങ്ങളിൽ ഡോക്ടർമാരുടെ സംഘടന പ്രതിഷേധം രേഖപ്പെടുത്തി. പ്രതികൾക്കെതിരെ Hospital Protection Act കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് ആശുപത്രിയുടെ സുരക്ഷ വർദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.


