കിളിമാനൂർ : കിളിമാനൂരിൽ കെട്ടിട നിർമ്മാണ പണിക്കായി എത്തിയ എറണാകുളം ഏലൂർ പാതാളം ചെല്ലമണി [40]യുടെ കൊലപാതകവുമായി ബന്ധപ്പെട്ടു രണ്ടുപേർ അറസ്റ്റിൽ. എറണാകുളം, പാതാളം എന്ന സ്ഥലത്ത് താമസമാക്കിയ തമിഴ് നാട് സ്വദേശികളായ മുരുകൻ (37) , കൃഷ്ണൻ (38) എന്നിവരാണ് പിടിയിലായത്. കൊലപാതക ശ്രമത്തിനിടയിൽ ഗുരുതരമായി പരിക്കേറ്റ നിധീഷ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കിളിമാനൂർ ഗ്രാമ പഞ്ചായത്തിൻറെ പുതിയ കെട്ടിടത്തിനായി പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടിൽ താമസിച്ച് പണി ചെയ്തു വന്ന പ്രതികൾ പണിക്കിടയിൽ മദ്യപിച്ച് വഴക്കുണ്ടാക്കുന്നതിൻറെ വീഡിയോ ദൃശ്യങ്ങൾ ചെല്ലമണിയുടെ ഫോണിൽ നിധീഷ് ചിത്രീകരിച്ച് എറണാകുളത്തുള്ള കോൺട്രാക്ടർക്ക് വാട്സ് ആപ്പിൽ അയച്ച് കൊടുത്തിരുന്നു. ഇതിന്റെ വിരോധത്തിൽ പ്രതികൾ കഴിഞ്ഞ ഞായറാഴ്ച രാത്രി 9.30 തോടെ പഞ്ചായത്ത് ഓഫീസിന് മുൻവശം വച്ച് ചെല്ലമണിയോയും ഒപ്പമുണ്ടായിരുന്ന നിധീഷിനേയും മാരകമായി പരിക്കേൽപ്പിക്കുകയും ചെല്ലമണിയെ കൊലപ്പെടുത്തുകയുമായിരുന്നു എന്ന് പോലീസ് പറഞ്ഞു.
സംഭവത്തിനു ശേഷം പ്രതികൾ തമിഴ് നാട്ടിലേക്ക് ഒളിവിൽ പോകുന്നതിന് വേണ്ടി വർക്കല റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ഡി.വൈ.എസ്.പി പി. ബേബിയുടെ നിർദ്ദേശാനുസരണം കിളിമാനൂർ സി.ഐ കെ.ബി. മനോജ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ എസ് അഷറഫ് , ടി.കെ ഷാജി , സുരേഷ് കുമാർ , എ.എസ്.ഐ റാഫി , സി.പി.ഓ മാരായ റിയാസ് , അജോ , ബിനു , റെജിമോൻ എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.