കാട്ടാക്കട : ദളിത് യുവതിയെ മാനഭാഗപെടുത്താൻ ശ്രമിക്കുകയും മാലപിടിച്ചു പറിക്കാൻ ശ്രമിക്കുകയും കൂട്ടത്തിൽ ഉണ്ടായിരുന്ന രണ്ടു മക്കളെ മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ കാട്ടാക്കട പോലീസ് കാര്യക്ഷമമായ അന്വേക്ഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ഡിസംബർ 25 നു രാത്രി 11 മണിക്ക് യോടാണ് സംഭവം.
പേയാടുള്ള കുടുംബ വീട്ടിൽ നിന്നും തിരികെ കുറ്റിച്ചലിലുള്ള യാത്രാമധ്യേ പൂവച്ചലിന് സമീപം മുളമൂട് ജംഗ്ഷനിൽ വച്ച് സുനിത (38) മക്കളായ സൂരജ് (22), സൗരവ് (19) എന്നിവർക്ക് നേരെ സദാചാര പോലീസ് ചമഞ്ഞ യുവാക്കൾ ആക്രമണം അഴിച്ചു വിട്ടത്. ആക്രമണത്തിൽ യുവതിക്കും മക്കൾക്കും ഗുരുതമായി മർദ്ദനമേറ്റിരുന്നു. സൂരജിന്റെ നെറ്റിയിലും തലയിലും സൗരവിന്റെ കഴുത്തിലും തലയിലും പരിക്കേറ്റത്. സുനിതയുടെ കഴുത്തിനു കുത്തിപ്പിടിച്ച് അക്രമികൾ മാലപിടിച്ചു പറിക്കാൻ ശ്രമിക്കുകയും പോലീസിൽ പരാതി നൽകിയാൽ പെട്രോൾ ഒഴിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
തുടർന്ന് ഇവർ കാട്ടാക്കട ഗവണ്മെന്റ് ആശുപത്രിയിലും ശേഷം തിരുവനന്തപുരം ജനറൽ ആശുപത്രിയിലും ദിവസങ്ങളോളം കിടത്തി ചികിത്സക്ക് വിധേയരായി. ഇതേ തുടർന്ന് കാട്ടാക്കട പൊലീസിന് പരാതിയും, പ്രതികൾ സഞ്ചരിച്ചിരുന്ന ബൈക്കുകളുടെയും കറിന്റെയും നമ്പറുകളും പ്രതികളെ തിരിച്ചറിയാനുള്ള തെളിവുകളും കാട്ടാക്കട പൊലീസിന് കൈമാറിയെങ്കിലും സംഭവം നടന്ന് മൂന്നാഴ്ച്ച പിന്നിട്ടിട്ടും മതിയായ അന്വേക്ഷണമോ പ്രതികളെ പിടികൂടാനോ പോലീസ് തയാറായില്ല. പോലീസിന്റെ വീഴ്ച്ചയിൽ പ്രതിക്ഷേധിച്ച് ആർ.എസ്.പി യുടെ നേതൃത്വത്തിൽ ഈ മാസം 16 ന് കാട്ടാക്കട പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തും. ആർ.എസ്.പി ജില്ലാ സെക്രട്ടറിയും മുൻ മന്ത്രിയുമായ ബാബു ദിവാകരൻ മാർച്ച് ഉത്ഘാടനം ചെയ്യും.
പോലീസ് അലംഭാവം തുടർന്നാൽ സ്റ്റേഷന് മുൻപിൽ കൂട്ട ഉപവാസസമരമടക്കമുള്ള സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം ഇറവൂർ പ്രസന്ന കുമാർ അറിയിച്ചു.