തൊടുപുഴ: വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയ ശേഷം യുവതി വീണ്ടും ഗർഭിണിയായ സംഭവത്തിൽ ആരോഗ്യ വകുപ്പ് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
നേരത്തെ സർക്കാർ നഷ്ടപരിഹാരമായി നൽകിയ മുപ്പതിനായിരം രൂപക്ക് പുറമേയാണ് ഒരു ലക്ഷം രൂപ നൽകണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടത്. തുക രണ്ട് മാസത്തിനകം യുവതിക്കു നൽകണമെന്നും ഉത്തരവിൽ പറയുന്നു.
അടിമാലി താലൂക്ക് ആശുപത്രിയിലാണ് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയത്. യുവതിക്ക് മൂന്ന് പെൺകുട്ടികളാണുണ്ടായിരുന്നത്. തുടർന്നാണ് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയത്. 2012ലാണ് ശസ്ത്രക്രിയ നടത്തിയത്. 2015 ൽ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ പരിശോധനക്ക് എത്തിയപ്പോഴാണ് ഗർഭിണിയാണെന്ന് അറിയുന്നത്. യുവതിയുടെ ഭർത്താവ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് മെഡിക്കൽ ഓഫീസർക്ക് കത്ത് നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്നാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.
കമ്മീഷൻ നോട്ടീസ് അയച്ചപ്പോൾ ജില്ലാ മെഡിക്കൽ ഓഫീസർ 30,000 രൂപ നഷ്ടപരിഹാരം അനുവദിച്ചു. പരാതിക്കാരി കമ്മീഷൻ തൊടുപുഴയിൽ നടത്തിയ സിറ്റിംഗിൽ പരാതിക്കാരി ഹാജരാക്കി 30,000 രൂപ തീർത്തും അപര്യാപ്തമാണെന്ന് അറിയിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന തന്റെ കുടുംബം നിത്യവ്യത്തിക്ക് പോലും വിഷമിക്കുകയാണെന്ന് പറഞ്ഞു.
30000 രൂപയുടെ നഷ്ടപരിഹാരം എങ്ങനെയാണ് കണക്കാക്കിയതെന്ന് റിപ്പോർട്ടിൽ ഇല്ലെന്ന് കമ്മീഷൻ ചുണ്ടി കാണിച്ചു. തുക കണക്കാക്കിയതിന്റെ മാനദണ്ഡം ലഭ്യമല്ല. നൽകിയ തുക അപര്യാപ്തമാണെന്ന് കമ്മീഷൻ വിലയിരുത്തി. കൂടുതൽ നഷ്ടപരിഹാരം ആവശ്യമുണ്ടെങ്കിൽ പരാതിക്കാരിക്ക് സിവിൽ കോടതിയെ സമീപിക്കാമെന്നും ഉത്തരവിൽ പറഞ്ഞു.




