നെടുമങ്ങാട് : കേരളം കൈവരിച്ച സാമൂഹിക നേട്ടങ്ങൾക്ക് മുന്നിൽ ചോദ്യ ചിഹ്നമുയർത്തുകയാണ് തിരുവനന്തപുരം നെടുമങ്ങാടുള്ള ഒരു എഴുപത്തഞ്ചുകാരൻ. കഴിഞ്ഞ മുപ്പത് വർഷത്തിലധികമായി പാലത്തിനടിയിൽ ചാക്കുകൾകൊണ്ടും ഫ്ളക്സ് ബോർഡുകളും കൊണ്ട് കെട്ടിമറച്ച കൂരയിലാണ് ഇദ്ദേഹത്തിന്റെ ജീവിതം. ഒറ്റക്ക് താമസിക്കുന്നതിനാൽ സ്ഥലമോ വീടോ നൽകാനാകില്ലെന്നാണ് അധികൃതരുടെ വാദം. സാമൂഹ്യപ്രവർത്തകൻ അജു കെ മധു ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.
നെടുമങ്ങാടിന് സമീപം പഴകുറ്റി എന്ന സ്ഥലത്താണ് ചെല്ലപ്പൻ എന്ന വയോധികൻ തലചായ്ക്കുന്ന കൂര. കമ്പുകൾ കെട്ടി അതിന് മുകളിൽ ചാക്കുകളും പഴയ ഫ്ളക്സ് ബോർഡുകളും വലിച്ചുകെട്ടിയാണ് ചെല്ലപ്പന്റെ താമസം. കഷ്ടിച്ച് ഒരാൾക്ക് മാത്രമേ ഈ കൂരയ്ക്കുള്ളിൽ പ്രവേശിക്കാൻ സാധിക്കുകയുള്ളൂ. മുപ്പത് വർഷമായി ഇതിനകത്താണ് ജീവിതം. നാട്ടുകാർ നൽകുന്ന പണം കൊണ്ടാണ് ചെല്ലപ്പൻ ജീവിതം മുന്നോട്ട് നയിക്കുന്നത്.
ഒരു വീടിനായി നിരവധി അപേക്ഷകൾ നൽകിയെങ്കിലും ആരും പരിഗണിച്ചില്ലെന്ന് ചെല്ലപ്പൻ പറയുന്നു. കയറിക്കിടക്കാൻ നിവൃത്തിയില്ലാത്തതുകൊണ്ടാണ് കൂരവച്ച് ഇവിടെ കഴിയുന്നത്. കൂലിവേലയ്ക്ക് പോകാൻ തന്നെക്കൊണ്ട് സാധിക്കില്ല. മഴ വരുമ്പോൾ വെള്ളം കൂരയ്ക്കുള്ളിൽ കയറും. എവിടെയെങ്കിലും അൽപം സ്ഥലം കിട്ടിയാൽ അവിടേയ്ക്ക് മാറുമെന്നും ചെല്ലപ്പൻ പറയുന്നു.
ചെല്ലപ്പനെ അഗതിമന്ദിരത്തിലേക്ക് മാറ്റാൻ ശ്രമിച്ചിരുന്നതായി നെടുമങ്ങാട് നഗരസഭയിലെ കൗൺസിലർ പറഞ്ഞു. എന്നാൽ ചെല്ലപ്പൻ അതിന് തയ്യാറാകുന്നില്ലെന്നും കൗൺസിലർ പറയുന്നു. വൃദ്ധസദനത്തിലേക്ക് മാറാതിരിക്കുന്നതിന് ചെല്ലപ്പനും കാരണങ്ങളുണ്ട്. ഈ നാട്ടിൽ അനധികൃതമായി പലർക്കും സ്ഥലം ലഭിക്കുമ്പോൾ തന്നെ പോല നിസഹായകനായ ഒരാൾക്ക് തല ചായ്ക്കാൻ ഒരു വീട് സാധ്യമാക്കിത്തരാൻ സർക്കാരിന് സാധിക്കില്ലേ എന്നാണ് ചെല്ലപ്പൻ ചോദിക്കുന്നത്. ഒരു വീട് ലഭിക്കാത്ത പക്ഷം ഈ കൂരയിൽ കിടന്ന് ചാകുമെന്നും ചെല്ലപ്പൻ പറയുന്നു. ഇത് ചെല്ലപ്പന്റെ വാശിയല്ല, ഉറച്ച മനസിൽ നിന്ന് വരുന്ന തീരുമാനമാണ്.
അവിവാഹിതനാണ് ചെല്ലപ്പൻ. മൂന്ന് സഹോദരിമാർ ഉണ്ടായിരുന്നത് നേരത്തേ മരിച്ചു. അവരുടെ മക്കളും കൊച്ചുമക്കളുമൊക്കയുണ്ടെങ്കിലും ആരെയും ബുദ്ധിമുട്ടിക്കേണ്ടെന്നാണ് അദ്ദേഹത്തിന്. സുമനസുകളുടെ സഹായത്താൽ തലചായ്ക്കാൻ സുരക്ഷിതത്വമുള്ള ഒരു വീട് നിർമിച്ച് ലഭിക്കുമെന്ന പ്രതീക്ഷയിലാണ ചെല്ലപ്പൻ.



