കാട്ടാക്കട : കോടതി ഉത്തരവിൻ പ്രകാരം ശാസ്താംകോട്ട ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ നിന്നും കോട്ടൂരിൽ എത്തിച്ചു ചികിത്സയിലായിരുന്ന 26 വയസുകാരൻ നീലകണ്ഠൻ എന്ന കൊമ്പൻ ചരിഞ്ഞു. ഞായറാഴ്ച രാവിലെ പത്തുമണിയോടെയാണ് വിവരം പുറത്തു വന്നത്. ആനയുടെ ആരോഗ്യ നില തൃപ്തികരമല്ല എന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം അധികൃതർ ചീഫ് ഫോസ്റ് ഓഫീസിൽ അറിയിച്ചിരുന്നു.
കഴിഞ്ഞ 6 മാസമായി കോട്ടൂർ ആനപരിചരണ കേന്ദ്രത്തിലായിരുന്നു. നീലകണ്ഠന്റെ മുന്‍ കാലുകള്‍ രണ്ടും അകത്തേക്ക് മടങ്ങിയ നിലയിലായിരുന്നു. നീണ്ട കുറെ നാളുകളായി എഴുന്നേറ്റ് നില്ക്കാന് പോലും ശേഷിയില്ലാതെ ബെല്‍റ്റിന്റെ സഹായത്താലാണ് ആനയെ എഴുന്നേല്‍പ്പിച്ചിരുന്നത്.
ഒരു കാലത്ത് പൂരപ്പറമ്പുകളിലെ താരമായിരുന്ന ഗജരാജന്‍ ശാസ്താംകോട്ട നീലകണ്ഠന്. ഇരുനൂറോളം ഉത്സവങ്ങൾക്ക് എഴുന്നെള്ളിയ നീലകണ്ഠന് മുൻവശത്തെ ഇടതു കാലിനു മുട്ട് മടക്കാൻ കഴിയാത്തതും കാൽപാദം മടങ്ങാത്തതും കാലിലെ നീരും മസിലുകൾക്കുള്ള വേദനയും ആണ് ഈ ദുരിതം നൽകിയത്. കോട്ടൂരിലെ എത്തുമ്പോൾ വേദന സഹിച്ചു നീലകണ്ഠൻ രണ്ടാം പാപ്പാൻ മനീഷ് നൽകുന്ന നിർദേശം ശ്രദ്ധാപൂർവം അനുസരിക്കുകയും പരിചാരകർക്കും ഡോക്ടർമാർക്കും നിരന്തര പരിചരണത്തിലൂടെ ആനയെ ഒരുവിധം എങ്കിലും ആയാസ രഹിതമായി നടത്തി എടുക്കാൻ കഴിയും എന്ന പ്രതീക്ഷ നൽകിയിരുന്നു. കാലിലെ ശോഷിപ്പ് ഭാരം താങ്ങുന്നതിനു ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു.
ശരീര ഭാരം കാലിനു ആയാസം ഉണ്ടാകാതിരിക്കാൻ ചികിത്സയുടെ ഭാഗമായി വെള്ളത്തിൽ ഇറക്കിയും നീലകണ്ഠന്റെ തിരിച്ചു വരവിനായി പരിചരകർ ശ്രമിച്ചിരുന്നു. മരുന്നുകളെക്കാൾ ഇത്തരം ചികിത്സകൾക്കാണ് കൂടുതൽ ആവശ്യമായി വന്നിരുന്നത്.
ദേവസ്വം ബോർഡിന്റെ ശാസ്താംങ്കോട്ട ശ്രീ ധർമ ശാസ്താ ക്ഷേത്രത്തിൽ 2005 ൽ ഒരു ഭക്തൻ നടക്കിരുത്തിയതാണ് നീലകണ്ഠനെ. പൂരപ്പറമ്പുകളിലെ താരമായിരുന്ന ആനയെ മദ്യലഹരിയില്‍ പാപ്പാന് മര്‍ദ്ദിക്കുകയായിരുന്നു. കാലിനു പരിക്കേറ്റപ്പോൾ മുതൽ കൃത്യമായ ചികിത്സ നല്‍കാതെ ചങ്ങലക്കിടുകയും ആനയുടെ ആരോഗ്യനില അവശതയിലേക്ക് എത്തുകയും ചെയ്തിരുന്നു. നീലകണ്ഠന്റെ ദുരിത വാര്‍ത്ത പുറത്തു വന്നതോടെ ആന പ്രേമികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നൽകുകയും തുടര്‍ന്ന് കേരളത്തിനകത്തും പുറത്തുനിന്നുമുള്ള വിദഗ്ധ സംഘം എത്തി ആനയക്ക് ചികിത്സ നൽകുകയും ചെയ്തിരുന്നു. ചികിത്സ നൽകുന്നതിനായി ആനകളുടെ ആവാസ വ്യവസ്ഥയ്ക്ക് അനുസരിച്ച് സൗകര്യങ്ങളുളള കോട്ടൂരിലേക്ക് മാറ്റാൻ കോടതി ഉത്തരവിടുകയായിരുന്നു.
രണ്ടാഴ്ച്ച മുൻപാണ് ആന കൂടുതൽ അവശനിലയിൽ ആയതു. ഇവിടെയെത്തുമ്പോൾ ഇടതു കാലിലെ ഗുരുതര പ്രശ്നങ്ങൾക്ക് പുറമെ വലതു കാലിൽ വ്രണങ്ങൾ ഉണ്ടായിരുന്നു. വ്രണങ്ങൾ 80 ശതമാനത്തോളം കരിഞ്ഞിരുന്നു. അസ്തികളിലെ ബാലകുറവ് കൂടുതൽ വഷളായി വന്നിരുന്നു. ആന എപ്പോഴും കിടക്കും എന്ന അവസ്ഥ വന്നപ്പോൾ ഇതു ആന്തരിക അവയവങ്ങൾക്ക് പരിക്കുകൾക്ക് വരെ കാരണം ആകുമെന്ന് കണ്ടു ക്രയിൻ ഉപയോഗിച്ചു ആനയെ നിറുത്താൻ ഉള്ള ശ്രമങ്ങളും നടന്നിരുന്നു.
ദിവസം കഴിയുംതോറും ആഹാരം എടുക്കാത്ത അവസ്ഥയും ക്രമേണ ക്രയിനിൽ പോലും നിറുത്താൻ കഴിയില്ല എന്ന അവസ്ഥയും വന്നു. ഇതോടെ കഴിഞ്ഞ മൂന്നു ദിവസമായി ആന കൂടുതലും കിടപ്പായി. തുടർന്ന് ഞായറാഴ്ച രാവിലെ 9 30 ഓടെ ആന ചരിയുകയായിരുന്നു. നീലകണ്ഠന്റെ വിയോഗം ആനപ്രേമികളെ സങ്കടത്തിലാക്കിയിട്ടുണ്ട്. നിരവധിപേര്‍ സോഷ്യല്‍ മീഡിയയിലൂടെ സങ്കടം പങ്കുവച്ച് രംഗത്തെത്തിയിട്ടുണ്ട്.