കാട്ടാക്കട : ഇന്ത്യൻ ആർമിയിൽ മെഡിക്കൽ അസിസ്റ്റന്റ് ആയിരുന്ന അഖിൽ ചൊവ്വാഴ്ചയാണ് ബന്ദിപോറയിലെ ഗുരേസ് സെക്ടറിൽ ഹിമപാതത്തിൽ പെട്ടത്. ജമ്മുവിൽ നിന്നു ഔദ്യോഗിക ബഹുമതികളോടെ തിരുവനന്തപുരത്തേക്ക് യാത്രയാക്കിയ ഭൗതിക ശരീരം വ്യാഴാഴ്ച രാത്രി 12 മണിക്ക് തിരുവനന്തപുരം എയർപോർട്ടിൽ എത്തി.
ജില്ലാ കളക്ടർ, മിലിറ്ററി ഓഫിസറുടെ സാന്നിധ്യത്തിൽ മൃതദേഹം ഏറ്റുവാങ്ങിയിരുന്നു. പാങ്ങോട് മിലിറ്ററി ക്യാമ്പിൽ രാത്രി സൂക്ഷിച്ച ശേഷം ഇന്നലെ രാവിലെയാണ് ബന്ധുക്കൾക്ക് കൈമാറി. രാവിലെ 8 മണിക്ക് പാങ്ങോട് മിലിറ്ററി ക്യാമ്പിൽ നിന്നും അഖിലിന്റെ സ്വദേശമായ പൂവച്ചൽ കുഴയ്ക്കാട് സ്കൂളിലേക്ക് പൊതുദർശനത്തിനായി ഭൗതിക ശരീരം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര ഇന്ന് രാവിലെ ആരംഭിച്ചു.
വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിയോടെ പൂവച്ചൽ കുഴയ്ക്കാട് എൽ പി സ്കൂളിൽ പൊതു ദർശനത്തിനു വച്ചു. യാത്ര മദ്ധ്യേ വഴിയിലുടനീളം അഖിലിനെ അവസാനമായി ഒരു നോക്ക് കാണാനും അന്തിമോപചാരം അർപ്പിക്കാൻ ജഗ്ഷനുകളിലും സ്കൂളുകൾക്ക് മുൻപിലും വൻ ജനാവലി കാത്തു നിന്നിരുന്നു. സ്കൂളുകൾക്ക് സമീപം വിദ്യാർത്ഥികളും അധ്യാപകരും ,റെസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ , സന്നദ്ധ സംഘടന ഭാരവാഹികൾ തുടങ്ങി ആയിരങ്ങളാണ് അന്തിമോപചാരം ആർപ്പിച്ചത്.
രാവിലെ 8 30 ഓടെ തന്നെ സമൂഹത്തിലെ നാനാതുറകളിൽ ഉള്ളവർ അഖിലിനെ അവസാനമായി ഒരു നോക്കു കാണാൻ കുഴക്കാട് സ്കൂൾ അങ്കണത്തിൽ കാത്തു നിന്നിരുന്നു. വിവിധ സ്കൂളുകളിൽ നിന്നും വിദ്യാർഥികൾ അന്തിമോപചാരം അർപ്പിക്കാൻ സ്കൂളിൽ എത്തിയിരുന്നു. സ്കൂൾ പരിസരത്തേക്ക് മൃതദേഹവും വഹിച്ചു വാഹന വ്യൂഹം എത്തിയതോടെ പലരുടെയും നിയന്ത്രണം അണപൊട്ടി. സഹപാഠികളും കളികൂട്ടുകാരും തുടങ്ങി സകലരുടെയും കണ്ണുകൾ ഈറനായി.
കെ എസ് ശബരി നാഥൻ എം.എൽ.എ, ഐ. ബി സതീഷ് എം.എൽ എ, ഡി സി സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, ജലീൽ മുഹമ്മദ്, ജില്ലാ പഞ്ചായത്ത് അംഗം ആൻസജിതാ റസ്സൽ, ഉദയകുമാർ, എം ആർ ബൈജു ,സത്യദാസ് പൊന്നെടുത്തകുഴി , കട്ടക്കോട് തങ്കച്ചൻ, ഫസീല,കുമ്മനം രാജശേഖരൻ, വി വി രാജേഷ്, അഡ്വ സുരേഷ്, സി ശിവൻകുട്ടി, മൂക്കംപാലമൂട് ബിജു, സന്തോഷ്, പി എസ് പ്രഷീദ്, ബ്ളോക് പ്രസിഡന്റ് അജിത കുമാരി, പൂവച്ചൽ ഗ്രാമ പഞ്ചയാത്തു പ്രസിഡണ്ട് കെ രാമചന്ദ്രൻ , ജി സ്റ്റീഫൻ, മിനി, തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.
പോലീസ് സേനക്കായി റൂറൽ എസ് പി അശോക് കുമാർ അന്തിമോപചാരം അർപ്പിച്ചു. കാട്ടാക്കട തഹസിൽദാർ ഹരിശ്ചന്ദ്രൻ, റവന്യു, പഞ്ചായത്തു, ഉൾപ്പടെ വിവിധ സർക്കാർ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ ഉൾപ്പടെ അന്തിമോപചാരം അർപ്പിച്ചു. കാട്ടാക്കട താലൂക്കിനു പുറമെ സമീപ താലൂക്കുകളിൽ നിന്നുപോലും സ്ത്രീകളും കുട്ടികളും വൃദ്ധരും ഉൾപ്പടെയെത്തിയിരുന്നു.
പന്ത്രണ്ടു മണിയോടെ മൃത ദേഹം വൻ ജനാവലിയുടെ വിലാപയാത്രയായി അഖിലിന്റെ വസതിയിലേക്ക് കൊണ്ട് പോയി . ഈ സമയം അഖിലിന്റെ വീടും പരിസരവും നാട്ടുകാരെയും, ബന്ധുക്കളെയും സുഹൃത്തുക്കളെയും കൊണ്ട് നിറഞ്ഞിരുന്നു. വീടിന്റെ ഹാളിനുള്ളിൽ മൃതദേഹം എത്തിച്ചതോടെ സങ്കടങ്ങൾ അണപൊട്ടി ഒഴുകി. മാതാപിതാക്കളുടെയും അഖിലിന്റെ ശരീരത്തിലേക്കു തൊട്ടു തണുത്തിരിക്കുന്നല്ലോ ചേട്ടാ എന്ന് പറഞ്ഞു കരയാൻ തുടങ്ങിയ ഗീതുവിനെയും ബന്ധുവിന്റയെ കൈകളിൽ ഇരുന്നു കരയുന്ന ദേവനാഥിനെയും ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും അയൽവാസികളും സുഹൃത്തുക്കളും വിഷമവൃത്തത്തിലായി.
ഒരുമണിയോടെ വീടിനു പുറത്തു ചടങ്ങുകൾക്കു ശേഷം ചിത ഒരുക്കി പോലീസും, കര സേനയും ഗാർഡ് ഓഫ് ഓണർ നൽകി. ശേഷം മൃതദേഹത്തിൽ പുതപ്പിച്ചിരുന്ന ദേശിയ പതാക ഭാര്യ ഗീതുവിന്റെ കൈകളിൽ ഏൽപ്പിച്ചു. ശേഷം കരസേനാ ഉദ്യോഗസ്ഥർ, പോലീസ് ഉദ്യോഗസ്ഥർ,രാഷ്ട്രീയ കക്ഷി നേതാക്കൾ നാട്ടുകാരും ബന്ധുക്കളും അന്തിമോപചാരം അർപ്പിച്ചു. സഹോദരൻ അക്ഷയുടെ കൈകളിൽ ഇരുന്നു ദേവനാഥ് ചിതക്ക് തീ കൊളുത്തി.


