ആലപ്പുഴ - എറണാകുളം മെമുവിന്റെ കോച്ചുകൾ വെട്ടിക്കുറച്ച നടപടിയിൽ യാത്രക്കാരുടെ പ്രതിഷേധം. രാവിലെ മുതൽ മാരാരിക്കുളം, തുറവൂർ, എഴുപുന്ന, ചേർത്തല തുടങ്ങി എല്ലാ റെയിൽവേ സ്റ്റേഷനുകളിലും യാത്രക്കാർ കറുത്ത ബാഡ്ജും 'ഞങ്ങൾ അറവ് മാടുകളല്ലെന്ന 'പ്ലക്കാർഡുകളുമേന്തി പ്രതിഷേധത്തിന്റെ ഭാഗമായി യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയ്ൽ സിന്റെ നേതൃത്വത്തിൽ ആയിരുന്നു സൂചന സമരം.
യാത്രക്കാരുടെ ബുദ്ധിമുട്ട് ഇല്ലാതാക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കുക, ഈ റൂട്ടിൽ പുതിയ ഒരു മെമു കൂടി അനുവദിക്കുക / മറ്റ് സ്ഥലങ്ങളിലേതു പോലെ 16 കാർ മെമു കൊണ്ടു വരാനുള്ള നടപടിയ്ക്കായി MP മാർ സമ്മർദ്ദം ചെലുത്തുക. എല്ലാ ബോഗിയിലും സീസൺ യാത്രക്കാർക്കും സാധാരണ ടിക്കറ്റെടുക്കുന്ന യാത്രക്കാർക്കും കയറാനുള്ള നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം.
യാത്രക്കാർ സ്റ്റേഷനിലെ പരാതി ബുക്കുകളിൽ പ്രശ്നങ്ങൾ കുറിച്ചു. യാത്രക്കാരെ തീരെ പരിഗണിക്കാതെ കോച്ചുകൾ വെട്ടിക്കുറയ്ക്കുന്നതിനെതിരെയും പുതിയതായി നടപ്പിൽ വരുത്തിയ അശാസ്ത്രീയ സമയമാറ്റത്തിനെതിരെയും ട്രെയിനുകൾ വൈകുന്നതിനെതിരെയും സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനാണ് യാത്രക്കാരുടെ തീരുമാനം.




