തിരുവനന്തപുരം : രണ്ടു ദിവസമായി തുടരുന്ന ശക്തമായ കാറ്റിലും മഴയിലും ജില്ലയിൽ 84 വീടുകൾക്ക് നാശനഷ്ടം. കാലവർഷക്കെടുതി നേരിടുന്ന പ്രദേശങ്ങളിൽ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ അടിയന്തര ദുരിതാശ്വാസ നടപടികൾ സ്വീകരിക്കുന്നുണ്ട് . മഴ തുടരുന്ന സാഹചര്യത്തിൽ വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ വിന്യസിച്ചിട്ടുണ്ട്.
ശക്തമായ കാറ്റിലും മഴയിലും ജില്ലയിൽ ആറു വീടുകൾ പൂർണമായും 78 വീടുകൾ ഭാഗീകമായും തകർന്നു. പൂർണമായും തകർന്ന വീടുകളിൽ മൂന്നെണ്ണം കാട്ടാക്കട താലൂക്കിലാണ്. നെയ്യാറ്റിൻകര, തിരുവനന്തപുരം, വർക്കല താലൂക്കുകളിൽ ഓരോ വീടുകളും പൂർണമായി തകർന്നു.
മഴക്കെടുതിയെ തുടർന്ന് കാട്ടാക്കട വിളവൂർക്കൽ കുരിശുമുട്ടം ഗ്രന്ഥശാലയിൽ പ്രവർത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാംപ് അവസാനിച്ചതായി തഹസിൽദാർ അറിയിച്ചു. മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ അടിയന്തര നടപടികൾ സ്വീകരിക്കുന്നതിന് റവന്യു ഉദ്യോഗസ്ഥർക്ക് ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ നിർദ്ദേശം നൽകി.
നീരൊഴുക്ക് വർധിച്ച സാഹചര്യത്തിൽ ജില്ലയിലെ ഡാമുകളിലെ ജലനിരപ്പ് 24 മണിക്കൂറും നിരീക്ഷിക്കുന്നുണ്ടെന്നും കളക്ടർ പറഞ്ഞു. അരുവിക്കര ഡാമിന്റെ ഒരു ഷട്ടർ 80 സെന്റീമീറ്റർ തുറന്നിട്ടുണ്ട്. 46.6 സെൻറീമീറ്ററാണ് ഡാമിന്റെ പരമാവധി ജലനിരപ്പ് . പേപ്പാറ ഡാമിൽ 104.1 മീറ്ററാണ് നിലവിൽ ജലനിരപ്പ്. 107.5 മീറ്ററാണ് പരമാവധി സംഭരണശേഷി. നെയ്യാർ ഡാമിൽ 81.5 മീറ്ററാണ് ഇപ്പോൾ ജലനിരപ്പ്. 84.75 മീറ്ററാണ് പരമാവധി സംഭരണശേഷി.
ഇടവിട്ട് ശക്തമായി മഴ പെയ്യുന്നതിനാലും നദീതീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. നദിയിൽ കുളിക്കുന്നതും തുണി അലക്കുന്നതും ഒഴിവാക്കണം. ദുരന്തനിവാരണ വിഭാഗത്തിൽ നിന്ന് നൽകുന്ന മുന്നറിയിപ്പുകളോട് പൊതുജനങ്ങൾ സഹകരിക്കണമെന്നും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.