പാലോട് : തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. തെങ്കാശി - തിരുവനന്തപുരം പാതയിൽ പാലോട് കരിമൻകോട് കെ.എസ്.ആർ.ടി.സി ഓർഡിനറി ബസ് നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് ഇറങ്ങിയത്. മരത്തിലിടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ നാപ്പത്തിലധികം പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. കുളത്തൂപ്പുഴ ഡിപ്പോയിലെ കെഎസ്ആർടിസിയുടെ ഓർഡിനറി ബസ് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു.
ഇന്ന് രാവിലെ 8.45 ഓടെയാണ് സംഭവം. കൊടും വളവ് തിരിഞ്ഞുവന്ന ബസ് പെട്ടെന്ന് നിയന്ത്രണം വിട്ട് റോഡരികിലുള്ള അമീർ മൻസിലിൽ നാസിമുദ്ദീന്റെ പറമ്പിലേക്ക് പാഞ്ഞുകയറുകയായിരുന്നു. പറമ്പിലെ കുഴിയിലകപ്പെട്ട ബസ് തൊട്ടടുത്തുള്ള ആഞ്ഞിലിമരത്തിലിടിച്ചാണ് നിന്നത്. മരത്തിലിടിച്ച് നിന്നതിനാൽ ബസ് വീടിന് മീതേക്ക് മറിഞ്ഞില്ല.
അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരും, ഫയർഫോഴ്സും, പാലോട് പൊലീസും ചേർന്നാണ് പരിക്കേറ്റവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. ബസ് കണ്ടക്ടറും ഡ്രൈവറുമുൾപ്പെടെ പരിക്കേറ്റ മുഴുവൻ പേരെയും പാലോട് പ്രാഥമികാരോഗ്യകേന്ദ്രത്തിലും നെടുമങ്ങാട് ഗവ. ആശുപത്രിയിലുമെത്തിച്ച് ചികിത്സ നൽകി.
സാരമായി പരിക്കേറ്റ സീന (42) പാലോട്, സുധ (53) നെടുമങ്ങാട്, വിമലൻ (47) പാലോട്, ഷാജി (35) മടത്തറ, ഷാജഹാൻ (42) കലയപുരം എന്നിവരെയും അബോധാവസ്ഥയിലായ ഒരു അജ്ഞാതനെയും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
രജിൻ (23) കൊല്ലായിൽ, റീന (19) വലിയ വയൽ, മനു (17) പാലോട്, വിജയകുമാരി (47) വട്ടക്കരിക്കകം, നവാസ് (41) വെൺകൊല്ല, ഹനൂബിൻ (65) വെൺകൊല്ല പാലോടും, നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റുള്ളവർ നിരീക്ഷണ വിഭാഗത്തിലാണ്.