അരുവിക്കര : ബിജെപി അരുവിക്കര പഞ്ചായത്ത് ജനറൽ സെക്രട്ടറിയെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ബിജെപി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ യോഗം ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വക്കേറ്റ് സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്തു നാട്ടിൽ ക്രമസമാധാന അന്തരീക്ഷം പുനസ്ഥാപിക്കണമെന്ന് അഡ്വക്കേറ്റ് സുരേഷ് പറഞ്ഞു.
സംഭവത്തിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരായ അരുവിക്കര സ്വദേശികളായ രഞ്ജിത്ത് രജേഷ് എന്നിവരെ അരുവിക്കര പോലീസ് അറസ്റ്റ് ചെയ്തു.
അരുവിക്കര പഞ്ചായത്തിൽ ഈ മാസം രണ്ടാം തീയതി യുവമോർച്ച പ്രവർത്തകൻ മഹേഷുമായി ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് പ്രതികൾ മഹേഷിനെ തലയ്ക്കടിച്ചു പരിക്കേൽപ്പിക്കുകയും മഹേഷിനെ ഗുരുതരമായ പരിക്കുകളോടെ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ അന്ന് പ്രതികളെ അറസ്റ്റ് ചെയ്യാൻ അരുവിക്കര പൊലീസ് തയ്യാറായില്ല. ഇതിൻറെ തുടർച്ചയായാണ് പ്രതികൾ ബിജെപിയുടെ പഞ്ചായത്ത് ജനറൽ സെക്രട്ടറി കടമ്പനാട് രതീഷിനെ ജോലി കഴിഞ്ഞു വരുന്ന സമയത്ത് അരുവിക്കര ഡാമിനു സമീപവും അരുവിക്കര പോലീസ് സ്റ്റേഷൻ ഇടയിൽ വെച്ച് നാലംഗ സംഘം മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. അവിടെനിന്നും ബൈക്കിൽ രക്ഷപ്പെട്ടു രതീഷിനെ പ്രതികൾ അടങ്ങുന്ന നാലംഗസംഘം പിൻതുടർന്ന് ബൈക്ക് കൊണ്ട് ഇടിച്ചുതള്ളിയിടുകയും മാരകായുധങ്ങളുമായി ആക്രമിക്കുകയും ചെയ്തു. ബഹളംകേട്ട് ഓടിക്കൂടിയ നാട്ടുകാർ സംഘടിച്ചു അക്രമികളെ ഓടിച്ചു വിടുകയായിരുന്നു.
അരുവിക്കര ജംഗ്ഷനിൽ നടന്ന പ്രതിഷേധ യോഗത്തിൽ ജില്ലാ പ്രസിഡൻറ് അഡ്വക്കേറ്റ് സുരേഷ്, മണ്ഡലം പ്രസിഡൻറ് മുളയറ രതീഷ്, പഞ്ചായത്ത് അധ്യക്ഷൻ അരുൺ മുണ്ടേല, മണ്ഡലം സെക്രട്ടറി മുളയറ ബൈജു, ഗ്രാമപഞ്ചായത്തംഗം വേലായുധൻ എന്നിവർ സംസാരിച്ചു.