തിരുവനന്തപുരം: ജൂലൈ 15 വരെ സംസ്ഥാനത്ത് വൈദ്യുതിനിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് കെ.എസ്.ഇ.ബി തീരുമാനിച്ചു. അണക്കെട്ടുകളിലെ ജലനിരപ്പ് തീരെ കുറഞ്ഞങ്കിലും ജൂലൈ 15ന് അന്നത്തെ നില പരിശോധിച്ച് ആവശ്യമായ നടപടികള്‍ എടുക്കും. വൈദ്യുതിനിയന്ത്രണം ഒഴിവാക്കാന്‍ എല്ലാ ശ്രമവും നടത്തുമെന്ന് വൈദ്യുതിനില അവലോകനം ചെയ്തശേഷം ചെയര്മാന് എന്‍.സി. പിള്ള വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
സര്‍ക്കാറുമായി ആലോചിച്ചുമാത്രമേ നിയന്ത്രണം. ജല വൈദ്യുതി ഉല്പാദനം ദിവസം 12 ദശലക്ഷം യൂനിറ്റ് എന്ന നിലയില്‍ തുടരും. 64 ദശലക്ഷം യൂനിറ്റ് പുറത്തുനിന്ന് എത്തിക്കും. ജൂണ്‍ 15 ഒാടെ കാലവര്‍ഷം ശക്തിപ്പെടുമെന്ന പ്രവചനമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്നത്. കെ.എസ്.ഇ.ബിയുടെ ഉടമസ്ഥതയിലുള്ള ഡാമുകളിലെ ജലനിരപ്പില്‍ വന്‍ കുറവാണ് അനുഭവപ്പെടുന്നത്. ജൂലൈയില്‍ നല്ല മഴ കിട്ടിയില്ലെങ്കില്‍ കേരളം കടുത്ത വൈദ്യുതി പ്രതിസന്ധിയെ അഭിമുഖീകരിക്കും.