പോത്തൻകോട് : വീടിനുള്ളിൽ കടന്ന് പതിനേഴോളം പവൻ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ കൊയ്ത്തൂർക്കോണം ഖബറടി ഫാത്തിമ മൻസിലിൽ ഷംന ( 29 ) നെ പോത്തൻകോട് പൊലീസ് അറസ്റ്റു ചെയ്തു. പോത്തൻകോട് ചെറുവല്ലി ടി.പി ഹൗസിൽ ഷൈനിയാണ് പോത്തൻകോട് പോലീസിൽ പരാതിക്കാരി. ഇവരുടെ അടുത്ത ബന്ധു കൂടിയാണ് അറസ്റ്റിലായ ഷംന.
ഷൈനിയും കുടുംബവും വിവാഹത്തിൽ പങ്കെടുക്കാൻ പോയി തിരികെ മടങ്ങിയെത്തുമ്പോഴാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന 16. 75 പവൻ മോഷണം പോയതായി അറിയുന്നത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഷംന പിടിയിലായത്.
സ്വർണ്ണം മോഷ്ട്ടിച്ചതായി ഷംന സമ്മതിച്ചെങ്കിലും സ്വർണ്ണം എവിടെയാണെന്നുള്ള ഉത്തരം പോലീസിന് ലഭിച്ചിട്ടില്ല. ഓട്ടോറിക്ഷയിലാണ് ഷംന ചെറുവല്ലിയിൽ എത്തിയത്. വീട്ടിന്റെ താക്കോൽ ഇരിക്കുന്ന സ്ഥലം ഷംനക്ക് അറിയാമായിരുന്നു. വാതിൽ തുറന്ന് നേരെ അലമാരയിൽ ഇരുന്ന സ്വർണ്ണാഭരങ്ങൾ എടുത്തു. അതിനു ശേഷം വാതിൽ പൂട്ടി താക്കോൽ അതേ സ്ഥലത്തു വയ്ക്കുകയും ചെയ്തു. വീടിനു സമീപത്ത് പുല്ലിനിടയിൽ സ്വർണ്ണം ഒളിപ്പിച്ചെന്നാണ് പൊലീസിനോട് പറഞ്ഞതെങ്കിലും ഇക്കാര്യം പൊലീസ് വിശ്വസിച്ചിട്ടില്ല.
ആറ്റിങ്ങൽ ഡി. വൈ. എസ്.പി കെ. എ വിദ്യാധരന്റെയും പോത്തൻകോട് സി. ഐ പി. എസ് സുജിത്തിന്റെയും നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പോത്തൻകോട് പൊലീസ് അറിയിച്ചു.