തിരുവനന്തപുരം: തൈക്കാട് സംഗീത കോളജിനു സമീപം അനധികൃതമായി മണല്‍ ഖനനം നടത്തിയ ലോറികളും ജെ.സി.ബികളും തമ്ബാനൂര്‍ പോലീസ് പിടികൂടി. സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ അനധികൃത ഖനനം നടക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് നാലു ലോറികളും രണ്ട് ജെ.സി.ബിയും ഉള്‍പ്പെടെ ആറ് വാഹനങ്ങള്‍ തമ്ബാനൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്.
നിയമപരമായ യാതൊരു രേഖകളുമില്ലാതെ ജെ.സി.ബി. ഉപയോഗിച്ച് ലോറികളില്‍ മണല്‍ കടത്തുകയായിരുന്നുവെന്നും സ്കൂള്‍ സമയത്ത് ടിപ്പര്‍ ലോറികള്‍ അമിത വേഗത്തില്‍ പായുന്നതു അപകടങ്ങളുണ്ടാക്കുന്നതും പരാതിക്ക് ഇടയാക്കിയിരുന്നതായും പിടിച്ചെടുത്ത വാഹനങ്ങള്‍ ജില്ലാ കലക്ടര്‍ മുന്‍പാകെ ഹാജരാക്കി നടപടി സ്വീകരിക്കുമെന്നും തമ്ബാനൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ എസ്. അജയകുമാര്‍ പറഞ്ഞു.
അജയകുമാറിന്റെ നേതൃത്വത്തില്‍ തമ്ബാനൂര്‍ സബ് ഇന്‍സ്പെക്ടര്‍മാരായ ജിജുകുമാര്‍. അരുണ്‍ രവി, എ.എസ്.ഐ. ഷിബു സി.പി.ഒ. സുരേഷ് കുമാര്‍ തമ്ബാന്‍ എന്നിവര്‍ ചേര്‍ന്നാണ് വാഹനങ്ങള്‍ പിടിച്ചെടുത്തത്.