കാട്ടാക്കട : കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിന്റെ ബൊലേറോ ജീപ്പ് ഓട്ടോയിൽ ഇടിച്ചു ഓട്ടോ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. പൂവച്ചലിലെ പുന്നാംകരിക്കകം ജംഗ്ഷനിൽ ആണ് അപകടം നടന്നത്. രാവിലെ ആറു മണിയോടെയാണ് സംഭവം. പൂവച്ചൽ ഭാഗത്തു നിന്നും കാട്ടാക്കടക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ പുന്നാംകരിക്കകം ജംഗ്ഷനിലെ പൊതു പൈപ്പിൽ നിന്നും വെള്ളം എടുക്കാൻ റോഡിന്റെ എതിർ വശത്തു ഒതുക്കി നിറുത്തിയ ശേഷം ഡ്രൈവർ വെള്ളം എടുത്തു ഓട്ടോയിൽ കയറുന്നതിനിടെ അമിത വേഗത്തിൽ എത്തിയ ജീപ്പ് ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
അപകടത്തിൽ തലക്കു ഗുരുതര പരിക്കേറ്റ ഓട്ടോ ഡ്രൈവറെ നാട്ടുകാർ അടുത്തുള്ള സ്വാകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതിനിടെ ജീപ്പിൽ ഉണ്ടയിരുന്നവരെ സ്ഥലത്തെ ചില പ്രാദേശീയ നേതാക്കൾ ചേർന്ന് മറ്റൊരു വാഹനത്തിൽ കയറ്റി കുറ്റിച്ചൽ ഭാഗത്തെക്കു പോയതായി സമീപ വാസികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ മുൻഭാഗം തകർന്നു. ജീപ്പിന്റെ ഇടതു ഭാഗത്തെ മുൻ ടയർ പഞ്ചറായ നിലയിലും ആണ്.
അതെ സമയം പഞ്ചായത്തു വാഹനത്തിൽ കുടുംബവുമായി ഓടിച്ചിരുന്ന ആൾ മദ്യ ലഹരിയിൽ ആയിരുന്നതായും നാട്ടുകാർ പറയുന്നു. ഔദ്യോഗിക വാഹനങ്ങള് അവധി ദിനങ്ങളിൽ ഓടിക്കാൻ പാടില്ല എന്നിരിക്കെയാണ് സ്വകാര്യ ആവശ്യങ്ങൾക്കു ഉപയോഗിച്ചത്. അതെ സമയം കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിന്റെ ജീപ്പ് മറ്റ് സ്വകാര്യ ആവശ്യങ്ങൾക്കു ഉപയോഗിക്കുന്നു എന്ന് നാട്ടുകാരുടെ പരാതികൾ നിലനിൽക്കെയാണ് ഞായറാഴ് ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക വാഹനത്തിൽ കുടുംബവുമായി ഉല്ലാസ യാത്ര കഴിഞ്ഞു തിരികെ വരുമ്പോൾ നടന്ന അപകടവും.