തിരുവനന്തപുരം: ഇന്ത്യൻനാഷണൽ കോൺഗ്രസിന്റെ സാംസ്കാരികമുഖമായിരുന്നു അന്തരിച്ച ജയ്പാൽ റെഡ്ഡിയെന്ന് മുൻ ഡെപ്യൂട്ടി സ്പീക്കറും കെ.പി.സി.സി മാധ്യമവിഭാഗം ചെയർമാനുമായ പാലോട് രവി.
ധിഷണാശാലിയും വാഗ്മിയുമായ അദ്ദേഹം സംസ്കാര സാഹിതിയുടെ ഉറ്റബന്ധുവും മാർഗദർശിയുമായിരുന്നു. 2005 ൽ കേന്ദ്ര സാംസ്കാരിക മന്ത്രിയായിരിക്കെ, സംസ്ക്കാരസാഹിതി തിരുവനന്തപുരത്ത് സംഘടിപ്പിച്ച നാട്ടരങ്ങ് സാംസ്കാരിക സംഗമത്തിൽ മുഖ്യാതിഥിയായി അദ്ദേഹം മുഴുവൻ സമയം പങ്കെടുത്ത കാര്യം സംസ്കാരസാഹിതി മുൻ ചെയർമാൻ കൂടിയായ പാലോട് രവി അനുസ്മരിച്ചു.
ആദർശനിഷ്ഠനും ധൈര്യശാലിയുമായ ഭരണാധികാരിയായിരുന്നു ജയ്പാൽ റെഡ്ഡി. അദ്ദേഹത്തിന്റെ വിയോഗം സമകാലിക രാഷ്ട്രീയ സാംസ്കാരിക പശ്ചാത്തലത്തിൽ രാജ്യത്തിന് കനത്ത നഷ്ടമാണെന്ന് പാലോട് രവി അനുശോചനസന്ദേശത്തിൽ പറഞ്ഞു.


