കാട്ടാക്കട : പൂവച്ചൽ ഗ്രാമ പഞ്ചായത്തിലെ ഉണ്ടപ്പാറയിൽ 98 വയസായ ക്യാൻസർ രോഗി ഉൾപ്പടെയുള്ളവർ താമസിക്കുന്ന വീട് ജപ്തി ചെയ്യാൻ എത്തിയ ബാങ്ക് അധികൃതരെ നാട്ടുകാർ തടഞ്ഞു. ഒടുവിൽ നാട്ടുകാരും ജനപ്രതിനിധികളും ഇടപെട്ടതോടെ ഒരു മാസത്തെ അവധി കൂടി നൽകി. ഫോണിലും അല്ലാതെയും ഇരുപത്തി ആറാം തീയതി ജപ്തി ചെയ്യാൻ വരുന്നു എന്നും വൃദ്ധരെയും കുട്ടികളെയും ഉൾപ്പടെ ആവശ്യമുള്ള സാധനങ്ങളും മാറ്റി വീട് വിട്ടു പോകണമെന്നും ബാങ്ക് അധികൃതർ എത്തിയാൽ വീട്ടിൽ നിന്നും ഒന്നും കൊണ്ടുപോകാൻ അനുവദിക്കില്ലന്നും പറഞ്ഞതായി വീട്ടുകാർ.
പൂവച്ചൽ ഉണ്ടപ്പാറ കാവുംമൂല ഷജീർ മൻസിലിൽ ഷജീർ ബേക്കറി നടത്തുന്നതിനായി എടുത്ത ഒൻപതു ലക്ഷം രൂപ ഓവർ ഡ്രാഫ്റ്റ് ആയി എടുത്ത ശേഷം ഇരുപതുലക്ഷത്തോളം അടച്ചിട്ടും ബാങ്കിൽ ഇനിയും അടക്കാൻ ലക്ഷങ്ങൾ. രണ്ടായിരത്തി രണ്ടു മുതൽ ഇടപാടുള്ള ബേക്കറി ഉടമയ്ക്ക് നോട്ടു നിരോധനം വന്നതും ഇടക്ക് അപകടം സംഭവിച്ചതിനെയും തുടർന്ന് അടവിൽ മുടക്കം വന്നു. എന്നാൽ പലപ്പോഴായി ലക്ഷങ്ങൾ ബാങ്ക് ആവശ്യപ്പെടുമ്പോഴും അല്ലാതെയും അടച്ചു എങ്കിലും പത്തു ലക്ഷത്തിലധികം തുക ഇനിയും ഒരുമിച്ചു അടച്ചാൽ മാത്രമേ ബാധ്യത തീർക്കാനാകു എന്ന് ബാങ്ക് നിലപാടെടുക്കുകയും ചെയ്തു.
അവധി ആവശ്യപ്പെട്ട ഷാജീറിനു ഇനി അവധി നൽകാനാകില്ലെന്ന് തീരുമാനത്തിൽ നടപടികളുമായി ബാങ്ക് മുന്നോട്ടു പോകുകയും ചെയ്തു. തുടർന്ന് വെള്ളിയാഴ്ച ഉച്ച തിരിഞ്ഞു ഷജീറിന്റെ വീട് ജപ്തി നടപടികൾക്കായി പോലീസുമായി എത്തുകയും ചെയ്തു. സംഭവം അറിഞ്ഞു നാട്ടുകാരും ജനപ്രതിനിധികളും എത്തി ബാങ്ക് അധികൃതരുമായി ചർച്ച നടത്തി. കർശമായും ജപ്തി നടപടികളുമായി മുന്നോട്ടു പോകുകയാണ് എന്ന് ബാങ്ക് അധികൃതർ ഉറച്ചു നിന്നതോടെ ജനപ്രതിനിധികളും നാട്ടുകാരുമായി തർക്കം ഉണ്ടായി. ഒടുവിൽ നടപടി താത്കാലികമായി അവസാനിപ്പിച്ച് ഒരു മാസത്തിനുള്ളിൽ ഇടപാട് തീർക്കാനായി സമ്മതിക്കുകയും തുക കുറക്കുന്നതിന് കുറിച്ച് ഹെഡ് ഓഫീസുമായി സംസാരിച്ചു തീരുമാനം അറിയിക്കാം എന്നും ബാങ്കധികൃതർ പറഞ്ഞു. കൂട്ട് കുടുംബമായി ആകെയുള്ള 14 സെന്റ് പുരയിടത്തിൽ ഉള്ള വീട്ടിലാണ് ഷാജീറും തൊണ്ണൂറ്റൊട്ടു വയസോളം പ്രായമുള്ള ക്യാൻസർ രോഗിയായ ഉപ്പാപ്പയും പ്രായമായ ഉമ്മുമ്മയും ഉൾപ്പടെ താമസിക്കുന്നത്.


