തിരുവനന്തപുരം: വർഷങ്ങളായി ഉപയോഗ മില്ലാതെ കിടക്കുന്ന വിളപ്പിൽശാല ചവർ ഫാക്ടറി ഭൂമി നാടിന്റെ വികസനത്തിനായി പ്രയോജനപ്പെടുത്തുമെന്ന് തിരുവനന്തപുരം മേയർ വി.വി. രാജേഷ്. ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ്, വിളപ്പിൽ പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ എന്നിവർ സ്ഥലം സന്ദർശിച്ച് വികസന നിർദ്ദേശങ്ങൾ സമർപ്പിച്ചതിന് പിന്നാലെയാണ് മേയറുടെ പ്രതികരണം. വരുംതലമുറയ്ക്ക് ഉപകാരപ്പെടുന്ന രീതിയിലുള്ള ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളാണ് പഞ്ചായത്ത് ഭരണസമിതി മുന്നോട്ടുവെച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഭൂമിയിൽ നടപ്പിലാക്കേണ്ട വിവിധ പ്രോജക്റ്റുകൾ നിലവിൽ ചർച്ചയിലുണ്ട്. എന്നാൽ അന്തിമ തീരുമാനമെടുക്കുന്നതിന് മുൻപ് വിവിധ ഘടകകക്ഷികളുമായും സംസ്ഥാന സർക്കാരുമായും ചർച്ചകൾ നടത്തേണ്ടതുണ്ട്. കളക്ടറുമായി സംസാരിച്ച ശേഷം മാത്രമേ ഏത് തരത്തിലുള്ള വികസനമാണ് ഇവിടെ നടപ്പിലാക്കുക എന്ന് വ്യക്തമാക്കാൻ സാധിക്കൂ എന്നും മേയർ കൂട്ടിച്ചേർത്തു.
കോർപ്പറേഷൻ ഫണ്ട് ഉപയോഗിച്ച് മാത്രം വലിയ വികസന പ്രവർത്തനങ്ങൾ നടത്തുന്നതിന് പരിമിതികളുണ്ട്. സംസ്ഥാന സർക്കാരിന്റെ പിന്തുണയുണ്ടെങ്കിൽ മാത്രമേ കേന്ദ്ര ഫണ്ടുകളും മറ്റ് ഏജൻസികളുടെ സഹായവും ലഭ്യമാക്കാൻ സാധിക്കൂ. നാട്ടുകാർക്ക് പരമാവധി ഗുണം ലഭിക്കുന്ന ഏത് പ്രോജക്റ്റും ഏറ്റെടുക്കാൻ കോർപ്പറേഷൻ തയ്യാറാണെന്നും മേയർ വ്യക്തമാക്കി. വിളപ്പിൽശാലയുടെ മുഖച്ഛായ മാറ്റുന്ന വികസന പ്രവർത്തനങ്ങൾക്കായി എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.


