തിരുവനന്തപുരം: അതീവ സുരക്ഷാ മേഖലയായ കവടിയാർ കൊട്ടാരത്തിൽ വൻ മോഷണം. ഏകദേശം രണ്ട് കോടി രൂപയോളം വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങളും വജ്രങ്ങളും നഷ്ടപ്പെട്ടതായാണ് വിവരം. സംഭവത്തിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പേരൂർക്കട പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി.
കഴിഞ്ഞ നവംബറിലാണ് മോഷണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പരാതി നൽകിയത്. കൊട്ടാരത്തിനകത്തെ അലമാരയിൽ സൂക്ഷിച്ചിരുന്ന അതിപുരാതനമായ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. പരമ്പരാഗതമായി കൈമാറി വന്നതും വജ്രം പതിപ്പിച്ചതുമായ വിലപിടിപ്പുള്ള ആഭരണങ്ങൾക്ക് പുറമെ വിദേശത്തുനിന്ന് എത്തിച്ച സ്വർണ്ണാഭരണങ്ങളും മോഷ്ടിക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു. രണ്ട് കോടി രൂപയുടെ നഷ്ടം പ്രാഥമികമായി കണക്കാക്കിയിട്ടുണ്ടെങ്കിലും യഥാർത്ഥ മൂല്യം ഇതിലും ഉയരാൻ സാധ്യതയുണ്ടെന്നാണ് സൂചനകൾ.
പോലീസിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും കർശന നിരീക്ഷണമുള്ള കൊട്ടാരത്തിനുള്ളിൽ ഇത്രയും വലിയ മോഷണം നടന്നത് ഉന്നത പോലീസ് ഉദ്യോഗസ്ഥരെപ്പോലും അമ്പരപ്പിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. കൊട്ടാരത്തിലെ ജീവനക്കാരെയും മറ്റും കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്താനാണ് പോലീസിന്റെ നീക്കം.


