പാറശാല: ക്ഷേത്രത്തിലെ പൂജാരിയാണെന്ന് നടിച്ച് മെഡിക്കൽ ഷോപ്പ് ജീവനക്കാരെ കബളിപ്പിച്ച് പണം തട്ടിയെടുത്ത മധ്യവയസ്കനായി പോലീസ് തിരച്ചിൽ തുടങ്ങി. പാറശാലയിലെ ഒരു പ്രമുഖ മെഡിക്കൽ സ്റ്റോറിലാണ് തന്ത്രപരമായ നീക്കത്തിലൂടെ 4,100 രൂപയുടെ തട്ടിപ്പ് നടന്നത്.
സമീപത്തെ ക്ഷേത്രത്തിലെ പൂജാരിയാണെന്നും കടയുടെ മാനേജറെ തനിക്ക് നേരിട്ട് അറിയാമെന്നും പറഞ്ഞാണ് പ്രതി ജീവനക്കാരുടെ വിശ്വാസം നേടിയത്. ക്ഷേത്രത്തിൽ കാണിക്കയായി ലഭിച്ച 5,300 രൂപയുടെ ചില്ലറ കൈവശമുണ്ടെന്നും അത് നൽകി പകരം നോട്ടുകൾ വേണമെന്നുമായിരുന്നു ആവശ്യം. ഫോണിൽ മാനേജരോട് സംസാരിക്കുന്നതായി അഭിനയിച്ച് ഇയാൾ ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ചു.
തുടർന്ന് ഒരു രൂപയുടെ നാണയങ്ങൾ അടങ്ങിയ സഞ്ചി ജീവനക്കാർക്ക് നൽകി ഇയാൾ പകരം നോട്ടുകൾ കൈപ്പറ്റി. സഞ്ചിയിൽ 5,300 രൂപയുണ്ടെന്ന് ഇയാൾ ഉറപ്പിച്ചു പറഞ്ഞിരുന്നു. ജീവനക്കാർ നാണയങ്ങൾ എണ്ണാൻ മുതിർന്നപ്പോൾ, പൂജയ്ക്ക് സമയമായെന്നും തിരക്കുണ്ടെന്നും പറഞ്ഞ് ഒരു വ്യാജ മൊബൈൽ നമ്പറും നൽകി പ്രതി വേഗത്തിൽ കട വിട്ടു. പിന്നീട് സഞ്ചി തുറന്ന് പരിശോധിച്ചപ്പോഴാണ് അതിൽ 1,200 രൂപയുടെ നാണയങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് വ്യക്തമായത്.
പ്രതി കടയിൽ എത്തിയപ്പോൾ മാസ്ക് ധരിച്ചിരുന്നെങ്കിലും പുറത്തിറങ്ങി മാസ്ക് മാറ്റുന്ന ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പാറശാല പോലീസ് അന്വേഷണം ഊർജിതമാക്കി. ഒരു രൂപയുടെ നാണയങ്ങൾ നൽകി സഞ്ചിക്ക് ഭാരം വർദ്ധിപ്പിച്ചത് ജീവനക്കാരെ ചതിക്കാനാണെന്ന് പോലീസ് കരുതുന്നു. ഇത്തരം തട്ടിപ്പുകൾക്കെതിരെ വ്യാപാരികൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.


