![]() |
പോത്തൻകോട്: മദ്യപസംഘത്തെ പിടികൂടാനെത്തിയ പോലീസ് ഉദ്യോഗസ്ഥനെ അക്രമി മർദ്ദിച്ചു. പോത്തൻകോട് എസ്ഐ വിപിനാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് തേക്കട സ്വദേശി ഹർഷദിനെ (25) പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിൽ പരിക്കേറ്റ എസ്ഐ ആശുപത്രിയിൽ ചികിത്സ തേടി.
ഇന്നലെ രാത്രി പോത്തൻകോട് ജംഗ്ഷനിലെ ബാറിന് സമീപമായിരുന്നു നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. മദ്യപിച്ച് പുറത്തിറങ്ങിയ ഒരു സംഘം റോഡിൽ വെച്ച് പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയതോടെ സംഘത്തിലെ ഭൂരിഭാഗം പേരും ഓടി രക്ഷപ്പെട്ടു. എന്നാൽ സ്ഥലത്ത് അക്രമാസക്തനായി നിലയുറപ്പിച്ച ഹർഷദിനെ പോലീസ് പിടികൂടി ജീപ്പിൽ കയറ്റാൻ ശ്രമിച്ചു.
ഈ സമയത്താണ് പ്രതി പോലീസിനെതിരെ തിരിഞ്ഞത്. എസ്ഐയുടെ മുഖത്ത് ഇടിക്കുകയും കൈകൾക്ക് പരിക്കേൽപ്പിക്കുകയും ചെയ്ത ഹർഷദിനെ കൂടുതൽ പോലീസ് എത്തിയാണ് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തിയത്. സിറ്റിയിലെയും റൂറലിലെയും വിവിധ സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് പിടിയിലായ ഹർഷദെന്ന് പോലീസ് അറിയിച്ചു. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പോലീസിനെ മർദ്ദിച്ചതിനും ഇയാൾക്കെതിരെ പുതിയ കേസെടുത്തു.


