ആലപ്പുഴ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന നിലപാടിൽ ഉറച്ച് മുതിർന്ന നേതാവ് ജി. സുധാകരൻ. ഇതോടെ ആലപ്പുഴയിലെ രാഷ്ട്രീയ ചിത്രം കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്. പാർട്ടിയെ വിട്ടൊരു കളിയില്ലെന്ന് പറയുമ്പോഴും, സി.പി.എം ജില്ലാ നേതൃത്വത്തിലെ ചിലർക്കെതിരെ കടുത്ത വിമർശനമാണ് അദ്ദേഹം ഉന്നയിക്കുന്നത്. താൻ പോരാടുന്നത് പാർട്ടിക്കെതിരെയല്ലെന്നും മറിച്ച് പാർട്ടിയിലെ 'അന്തകവിഷങ്ങൾക്കെതിരെ' ആണെന്നും സുധാകരൻ വ്യക്തമാക്കി.
ജില്ലാ നേതൃത്വത്തിലെ ചിലർ സി.പി.എമ്മിനെ തകർക്കാൻ ശ്രമിക്കുകയാണെന്നും ചുവന്ന കൊടി പിടിച്ചതുകൊണ്ട് മാത്രം ആരും കമ്മ്യൂണിസ്റ്റാവില്ലെന്നും അദ്ദേഹം പരിഹസിച്ചു. വർഷങ്ങളായി താൻ വളർത്തിയെടുത്ത മണ്ഡലത്തിൽ ജനപിന്തുണ തനിക്കൊപ്പമാണെന്ന ആത്മവിശ്വാസത്തിലാണ് സുധാകരൻ.
അതേസമയം, ജി. സുധാകരന്റെ ഈ അപ്രതീക്ഷിത വെല്ലുവിളിയെ രാഷ്ട്രീയമായി നേരിടാനാണ് സി.പി.എം സംസ്ഥാന-ജില്ലാ നേതൃത്വങ്ങളുടെ തീരുമാനം. ഇതിന്റെ ഭാഗമായി അമ്പലപ്പുഴയിൽ വലിയ ജനകീയ റാലിയും വിശദീകരണ യോഗവും സംഘടിപ്പിക്കും. വി.എസ്. അച്യുതാനന്ദന്റെ പുന്നപ്രയിലെ വീട്ടിൽ നിന്നും ആരംഭിച്ച് ജി. സുധാകരന്റെ വീടിന് തൊട്ടടുത്തുള്ള സ്ഥലത്താണ് റാലി സമാപിക്കുക. ആർ. നാസർ, സി.എസ്. സുജാത തുടങ്ങിയ പ്രമുഖ നേതാക്കളുടെ നേതൃത്വത്തിൽ നടക്കുന്ന ഈ പരിപാടിയിലൂടെ സുധാകരന്റെ സ്വാധീനം മറികടക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്.


