തിരുവനന്തപുരം: കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും സൗജന്യ ചികിത്സ ഉറപ്പാക്കുന്ന 'സാർവത്രിക ആരോഗ്യ പരിരക്ഷ' പദ്ധതിക്ക് സർക്കാർ ഔദ്യോഗികമായി അനുമതി നൽകി. നിലവിൽ കാസ്പ് (KASP), കാരുണ്യ, മെഡിസെപ്പ് തുടങ്ങിയ ഒരു ഇൻഷുറൻസ് പദ്ധതികളിലും ഉൾപ്പെടാത്ത ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് പുതിയ ഉത്തരവ് വലിയ ആശ്വാസമാകും.
മുഖ്യമന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരം കഴിഞ്ഞ ഒരു വർഷമായി നടന്ന വിവിധ തലങ്ങളിലുള്ള ചർച്ചകൾക്കും 'വിഷൻ 2031' അവലോകന യോഗങ്ങൾക്കും ശേഷമാണ് പദ്ധതിക്ക് അന്തിമ രൂപമായത്. ഇക്കഴിഞ്ഞ സംസ്ഥാന ബജറ്റിലെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇപ്പോൾ ഭരണാനുമതി പുറപ്പെടുവിച്ചത്.
ചികിത്സാ സഹായ രംഗത്ത് കഴിഞ്ഞ പത്തു വർഷത്തിനിടെ ഉണ്ടായ വലിയ മാറ്റങ്ങളെ സർക്കാർ റിപ്പോർട്ടിൽ അടിവരയിടുന്നു. പത്തു വർഷം മുൻപ് 40,000 കുടുംബങ്ങൾക്ക് 30,000 രൂപ വീതം ലഭിച്ചിരുന്ന സ്ഥാനത്ത് ഇന്ന് 42 ലക്ഷം കുടുംബങ്ങൾക്ക് കാസ്പ് പദ്ധതിയിലൂടെ പ്രതിവർഷം 5 ലക്ഷം രൂപയുടെ പരിരക്ഷ നൽകുന്നുണ്ട്. ഇത് കൂടാതെ കാരുണ്യ ബെനവലന്റ് ഫണ്ട് വഴി രണ്ട് ലക്ഷം രൂപ വരെയുള്ള ചികിത്സയും ലഭ്യമാണ്.
2025-ൽ ആരോഗ്യവകുപ്പ് തയ്യാറാക്കിയ സമഗ്ര പ്രൊപ്പോസലിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം പച്ചക്കൊടി കാട്ടിയതോടെയാണ് പദ്ധതി യാഥാർത്ഥ്യത്തിലേക്ക് നീങ്ങുന്നത്. ഇതോടെ കേരളത്തിലെ ഓരോ പൗരനും കൃത്യമായ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്ന ആദ്യ സംസ്ഥാനങ്ങളിലൊന്നായി കേരളം മാറും.


