ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങൾ ഇന്ത്യയിലെ പാചകവാതക വിതരണത്തെ സാരമായി ബാധിക്കുന്നു. ഇന്ധന വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങൾ കാരണം രാജ്യത്തെ എൽപിജി ലഭ്യതയിൽ വലിയ കുറവുണ്ടായതായാണ് റിപ്പോർട്ടുകൾ. ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ ഗതാഗതം തടസ്സപ്പെട്ടതോടെ മിഡിൽ ഈസ്റ്റിൽ നിന്നുള്ള ഗ്യാസ് ഇറക്കുമതി പ്രതിസന്ധിയിലായിരിക്കുകയാണ്.
ഗ്യാസ് ലഭ്യത കുറഞ്ഞതോടെ രാജ്യത്തെ ബുക്കിംഗുകൾ കുത്തനെ ഉയരുകയും സിലിണ്ടറുകൾ ലഭിക്കാൻ ദിവസങ്ങളുടെ കാലതാമസം അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിൽ ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വീടുകൾ എന്നിവയ്ക്ക് വിതരണത്തിൽ മുൻഗണന നൽകാൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിച്ച് പ്രതിസന്ധി മറികടക്കാനുള്ള അടിയന്തര ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.
ഗ്യാസ് ക്ഷാമം രൂക്ഷമായതോടെ നഗരങ്ങളിലെ ഹോട്ടലുകളുടെയും ഭക്ഷണശാലകളുടെയും പ്രവർത്തനം താളംതെറ്റി. പലയിടങ്ങളിലും ഇലക്ട്രിക് സ്റ്റൗവുകളെയും മറ്റ് ബദൽ മാർഗങ്ങളെയും ആശ്രയിക്കേണ്ട സ്ഥിതിയാണ്. എന്നാൽ, പൊതുജനങ്ങൾ പരിഭ്രാന്തരായി 'പാനിക് ബുക്കിംഗ്' നടത്തരുതെന്നും എല്ലാവർക്കും സിലിണ്ടറുകൾ ലഭ്യമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.


