നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്റർ താത്കാലികമായി അടച്ചുപൂട്ടി. ആശുപത്രിയിലേക്ക് ശുദ്ധജലം നൽകുന്ന ടാങ്കുകളിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതാണ് നടപടി കൈക്കൊണ്ടതിന്റെ കാരണം.
അവസാനമായി ജൂൺ മാസത്തിൽ എടുത്ത വെള്ളത്തിന്റെ പരിശോധനാ റിപ്പോർട്ട് ഇന്നലെ (ചൊവ്വാഴ്ച) ലഭിച്ചതിനുശേഷമാണ് ഓപ്പറേഷൻ തിയേറ്റർ അടച്ചത്. “ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തിയേറ്റർ അടച്ചത്,” എന്ന് ആശുപത്രി സൂപ്രണ്ട് ഡോ. സന്തോഷ് അറിയിച്ചു.
തിയേറ്റർ അടയ്ക്കുന്നതിന് മുമ്പ് ചികിത്സയ്ക്കായി എത്തിച്ച ഏകദേശം 20 പേർക്ക് ശസ്ത്രക്രിയകൾ മാറ്റിവയ്ക്കേണ്ടിവന്നു. വെള്ളിയാഴ്ചയോടെ പുതിയ പരിശോധനാ റിപ്പോർട്ട് ലഭിച്ചാൽ ശനിയാഴ്ച മുതൽ തിയേറ്റർ വീണ്ടും പ്രവർത്തനക്ഷമമാകും എന്നും സൂപ്രണ്ട് അറിയിച്ചു.
ആശുപത്രിയിലെ കിണറ്റിലും, വാട്ടർ അതോറിറ്റിയിലും നിന്നുള്ള വെള്ളമാണ് ആശുപത്രിയിൽ ഉപയോഗിക്കുന്നത്. തിയേറ്ററിനു മുകളിൽ ഉള്ള അഞ്ചോളം ടാങ്കുകൾ ശുചീകരിച്ചു കഴിഞ്ഞിട്ടുണ്ട്.
ഇത്തരത്തിലുള്ള നടപടികൾക്കെതിരെ ബി.ജെ.പിയും കോൺഗ്രസും ശക്തമായി പ്രതികരിച്ചു. ബി.ജെ.പി നെയ്യാറ്റിൻകര നിയോജക മണ്ഡലം പ്രസിഡന്റ് ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ബിജു ആണ് പ്രതിഷേധം ഉദ്ഘാടനം ചെയ്തത്.
നെയ്യാറ്റിൻകര ജനറൽ ആശുപത്രിയുടെ മുൻപിൽ നടന്ന പ്രതിഷേധത്തെ തുടർന്ന് ഡി.എസ്.പി ചന്ദ്രദാസിന്റെ നേതൃത്വത്തിൽ വലിയ പോലീസ് സന്നാഹം നിലനിർത്തി. പ്രതിഷേധത്തിൽ പങ്കെടുത്തവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.