തിരുവനന്തപുരം : പ്രമുഖ ചാനലിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ ഷോ ബിഗ് ബോസിനെതിരെ പരാതി നൽകിയ പൊതു പ്രവർത്തകന്റെ പോലീസ് മൊഴിരേഖപ്പെടുത്തി. സാമൂഹ്യ പ്രവർത്തകനായ അജു കെ മധുവിനെ കാട്ടാക്കട ഡി.വൈ.എസ്.പി ഓഫീസിൽ വച്ചാണ് മൊഴി രേഖപ്പെടുത്തിയത്. മുഖ്യമന്ത്രിക്ക് കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണ് മൊഴി രേഖപ്പെടുത്തിയത്.
അക്രമം അശ്ലീലം എന്നിവയെ ഒരു മറയുമില്ലാതെ അവതരിപ്പിക്കുന്നു എന്നും ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നു എന്നുമാണ് അജു സമർപ്പിച്ച പരാതിയിൽ പറയുന്നു. ക്രിമിനൽ അഭിഭാഷകൻ ആളൂർ മുഖേന ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തതായി അജു പറഞ്ഞു.
അതെ സമയം ബിഗ് ബോസിനെതിരെ എറണാകുളം സ്വദേശിയായ അഭിഭാഷകൻ നൽകിയ ഹരജിയിൽ ബിഗ് ബോസിന്റെ ഉള്ളടക്കം പരിശോധിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു.
സംപ്രേഷണ ചട്ടങ്ങൾ ലംഘിച്ചിട്ടുണ്ടോയെന്നാണ് പരിശോധിക്കേണ്ടത്. കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിനാണ് കോടതി നിർദേശം നൽകിയത്. ചട്ടലംഘനമുണ്ടെന്നു കണ്ടെത്തിയാൽ പരിപാടി നിർത്തിവയ്ക്കാനും കേന്ദ്രത്തിന് നിർദേശിക്കാം. തത്സമയ റിയാലിറ്റി ഷോയായ ബിഗ് ബോസ് വിവിധ ഭാഷകളിലായി സംപ്രേഷണം ചെയ്യുന്നുണ്ട്. ബിഗ് ബോസിൽ ശാരീരികോപദ്രവം വരുത്തൽ ഉൾപ്പെടെ നടക്കുന്നുണ്ടെന്നാണ് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നും ഉണ്ട്.




