തിരുവനന്തപുരം : കാട്ടാക്കടയിൽ വനം വകുപ്പ് ലേലം ചെയ്ത മരം മുറിക്കുന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകർ. പൂവച്ചൽ ഗ്രാമ പഞ്ചായത്തിലെ നക്രാംചിറക്ക് സമീപമുള്ള വീടിനടുത്തു നിന്ന മരം ആണ് ഓൺലൈൻ ലേലം ചെയ്തത് മുറിക്കാൻ അനുമതി നൽകിയത്.
തെങ്ങ് - 1, ആഞ്ഞിലി - 1, മാവ് 1 എന്നിവയാണ് ലേലത്തിൽ ഉൾപ്പെടുത്തിയത്. എന്നാൽ സമീത്ത് വർഷങ്ങളായി ഉണങ്ങി ബലക്ഷയം സംഭവിച്ച് അപകട ഭീക്ഷണിയായി നിൽക്കുന്ന കൂറ്റൻ പാല മരം ലേലത്തിൽ ഉൾപ്പെടുത്തിയില്ല. ഇതേ തുടർന്നാണ് നാട്ടുകാരും സമീപ വീട്ടുകരും രംഗത്ത് എത്തിയത്.
പെരിങ്ങംമല സ്വദേശിയാണ് മരങ്ങൾ ലേലം പിടിച്ചത്. സമീപത്ത് നിന്ന പാല മരം ഒഴിവാക്കിയാണ് അധികൃതർ ലേലം സ്ഥിരപ്പെടുത്തി നൽകിയത്. ലേലത്തിൽ ഉൾപ്പെട്ടിരുന്ന തെങ്ങ് ദിവസങ്ങൾക്ക് കേടുപാടുകൾ സംഭവിച്ച് ഒടിഞ്ഞ് റോഡിലേക്ക് പതിച്ചിരുന്നു. ഇതേ തുടർന്ന് സമീപ വീട്ടുകാർ അപകട ഭീക്ഷണി ആയ മരം മുറിച്ചു നൽകണമെന്ന് അവശ്യപ്പെട്ട് മാസങ്ങൾക്ക് മുന്നേ പഞ്ചായത്തിന് പരാതി നൽകി. തുടർന്ന് പരാതിയിൽ മേൽ പഞ്ചായത്ത് നടപടി എടുത്ത് തീർപ്പും കൽപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മരം മുറിക്കാൻ നടപടിയുണ്ടായത്.
അതെ സമയം മരത്തിൻ്റെ ലേലവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് - വനം വകുപ്പ് അധികൃതരോ ലേലം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നോട്ടീസ് പതിപ്പിക്കുകയോ നാട്ടുകാരെ അറിയിക്കുകയോ ചെയ്തിട്ടില്ലന്ന് നാട്ടുകാർ പറയുന്നു. പാല മരം ഉണങ്ങി പോയതിനാലും വിറ്റാൽ പോലും വില കിട്ടാത്തതിനാൽ അധികൃതർ ആ മരം ഒഴിവാക്കി ആണ് മറ്റ് മരങ്ങൾ വച്ച് ലേലം ഉറപ്പിച്ചത് എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. അപകടകരമായി നിൽക്കുന്ന പാല മരം മുറിക്കാതെ മറ്റു മരങ്ങൾ മുറിക്കാൻ അനുവദിക്കില്ലന്നാണ് നാട്ടുകാർ പറയുന്നത്.