നെടുമങ്ങാട് : ആര്യനാട് - പള്ളിവേട്ട റോഡിൽ പഴയ തെരുവ് എൽപി സ്കൂളിന് സമീപത്ത് വച്ച് നിയന്ത്രണം വിട്ട റോഡ് റോളർ ഓട്ടോയിൽ ഇടിച്ച് സമീപത്തെ സ്വകാര്യ പുരയിടത്തിലേയ്ക്ക് ഇറങ്ങി. വിളപ്പിൽശാല സ്വദേശിയായ ഓട്ടോ ഡ്രൈവർക്ക് പരുക്കേറ്റു.
ഇയാളെ മെഡിക്കൽ കോളെജ് ആശുപത്രിയിലേയ്ക്ക് മാറ്റി. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. പള്ളിവേട്ടയിൽ നിന്നും ആര്യനാട്ടേയ്ക്ക് വരികയായിരുന്ന റോഡ് റോളറിന്റെ ബ്രേക്ക് നഷ്ടമായതിനെ തുടർന്ന് നിയന്ത്രണം തെറ്റി യാണ് അപകടം.
ഫുഡ് ഡെലിവറി നടത്തി പേഴുംമൂട് ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയിലാണ് ഇടിച്ചത്. കയറ്റിറക്കമുള്ള ഭാഗമായതിനാൽ റോഡ് റോളർ ഡ്രൈവർക്ക് നിയന്ത്രിക്കാൻ പറ്റാതെ വന്നു. ഏറെ തിരക്കുള്ള റോഡാണ് പള്ളിവേട്ട ആര്യനാട് റോഡ്. ഈ സമയത്ത് മറ്റ് വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒവിവായി.
രണ്ടു ചെറിയ മരങ്ങളിൽ ആണ് ഇടിച്ചു നിൽക്കുന്നത്. വാഹനം കിടക്കുന്നതിനു താഴെ വീടുകൾ ഉണ്ട്. വാഹനം മരത്തിൽ നിന്നും തെന്നി മാറുമോ എന്ന ഭയപ്പാടിലാണ് സമീപ വാസികൾ. റോഡ് റോളർ ആര്യനാട് ഭാഗത്ത് റോഡ് പണിക്കായി എത്തിയതാണ്. അതെ സമയം റോഡ് റോളറിൽ രജിസ്റ്റർ നമ്പറും രേഖപ്പെടുത്തിയിട്ടില്ല.