തിരുവനന്തപുരം : കായിക പ്രതിഭകളായ വ്യക്തികളുടെ ജീവചരിത്രം കുട്ടികൾക്ക് പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനുമായി കരിക്കുലത്തിൽ ഉൾപ്പെടുത്തുന്ന കാര്യം പരിഗണനയിൽ ഉണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. 2021 ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ പത്മശ്രീ പി. ആർ. ശ്രീജേഷിന് പൊതുവിദ്യാഭ്യാസ വകുപ്പ് നൽകിയ ആദരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീജേഷ് കേരളത്തിൻറേയും ഇന്ത്യയുടേയും അഭിമാനമാണ്. ശ്രീജേഷിൻറെ ജീവിതം കേരളത്തിലെ കുട്ടികൾക്ക് മാതൃകയാവേണ്ടതാണെന്നും മന്ത്രി പറഞ്ഞു. പി.ആർ.ശ്രീജേഷിനെ സ്പോർട്സ് ഡെപ്യൂട്ടി ഡയറക്ടർ സ്ഥാനത്ത് നിന്ന് ജോയിൻറ് ഡയറക്ടറായി സ്ഥാനക്കയറ്റം നൽകിയ ഉത്തരവ് മന്ത്രി ശ്രീജേഷിന് നൽകി.
പൊതുവിദ്യാഭ്യാസ ഡയറക്ടർ ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു ഐ.എ.എസ്, അധ്യക്ഷത വഹിച്ചു. എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ.ജെ. പ്രസാദ്, കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത്, സീമാറ്റ് ഡയറക്ടർ ഡോ. എം.എ.ലാൽ, എസ്.ഐ.ഇ.ടി. ഡയറക്ടർ ബി അബുരാജ്, അഡീഷണൽ ഡി.പി.ഐ എം.കെ. ഷൈൻമോൻ, ഹയർസെക്കൻററി ജോയിൻറ് ഡയറക്ടർ അക്കാദമിക് ആർ. സുരേഷ്കുമാർ, വോക്കേഷണൽ ഹയർസെക്കൻററി ഡെപ്യൂട്ടി ഡയറക്ടർ ടി.വി. അനിൽ കുമാർ, പരീക്ഷാഭവൻ ജോയിൻറ് കമ്മീഷണർ ഡോ. ഗിരീഷ് ചോലയിൽ, ടെക്സ്റ്റ് ബുക്ക് ആഫീസർ ടോണി ജോൺസൺ, വിവിധ സർവീസ് സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.