ഇന്ന് മുതൽ 9 വരെ കർശന പരിശോധന
തിരുവനന്തപുരം : രോഗവ്യാപനം തടയുന്നതിനും മരണനിരക്ക് കുറച്ച് കൊണ്ട് വരുന്നതിനുമായി, ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി സർക്കാർ പുറപ്പെടുവിച്ച് പുതിയ ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതൽ 9-ാം തിയതി വരെ പോലീസ് പരിശോധന കർശനമാക്കിയതായി ഐ.ജി.പിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു.
നിലവിൽ ലോക്ക്ഡൗൺ ഇളവുകളുടെ ഭാഗമായി പ്രവർത്തനാനുമതി നൽകിയ അവശ്യ വിഭാഗങ്ങൾ ഒഴികെയുള്ള വിപണന സ്ഥാപനങ്ങൾ ഇന്ന് മുതൽ ജൂൺ 9 വരെ പ്രവർത്തിക്കാൻ പാടില്ല. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ, മെഡിക്കൽ സ്റ്റോറുകൾ , വ്യവസായ സ്ഥാപനങ്ങൾക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളും മറ്റും (പാക്കേജിംഗ് ഉൾപ്പെട) വിൽക്കുന്ന സ്ഥാപനങ്ങൾ, നിർമ്മാണ സാമഗ്രികൾ വിൽക്കുന്ന കടകൾ എന്നിവ മാത്രമേ ഒൻപതാം തിയതി വരെ പ്രവർത്തിക്കാൻ പാടുള്ളൂ. തുറന്ന് പ്രവർത്തിക്കാൻ അനുവാദമുള്ള വ്യാപാര സ്ഥാപനങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ കർശനമായും പാലിക്കേണ്ടതും സർക്കാർ അനുവദിച്ചിട്ടുളള സമയക്രമം കൃത്യമായും പാലിക്കേണ്ടതുമാണ്.
അത്യാവശ്യ മെഡിക്കൽ സേവനങ്ങൾക്കും അവശ്യസർവ്വിസ് വിഭാഗങ്ങൾക്കും സർക്കാർ നിർദ്ദേശിച്ചിട്ടുള്ള മറ്റു വിഭാഗങ്ങളിൽപ്പെട്ടവർക്കും മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. നിലവിൽ പാസ് അനുവദിച്ചിട്ടുള്ളവരിൽ ഒഴിവാക്കാൻ കഴിയാത്ത മെഡിക്കൽ സേവനങ്ങൾ പോലുള്ള ആവശ്യങ്ങൾക്ക് മാത്രമേ ഒൻപതാം തിയതി വരെ യാത്ര അനുവദിക്കുകയുള്ളൂ. അനാവശ്യയാത്ര നടത്തുന്നവർക്കെതിരെയും, യാത്രാ പാസ്സുകൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെയും പോലീസ് കർശന നടപടി സ്വീകരിക്കും. സർക്കാർ അനുവദിച്ചിട്ടുള്ള അവശ്യ സർവ്വീസ് വിഭാഗങ്ങളിൽ പ്രവർത്തിയെടുക്കുന്നവർ ജോലി സ്ഥലത്തേയ്ക്കും തിരികെയും നിശ്ചിത സമയങ്ങളിൽ മാത്രം യാത്ര ചെയ്യേണ്ടതും ഇവർ ഔദ്യോഗിക തിരിച്ചറിയൽ കാർഡും മേലധികാരിയുടെ സർട്ടിഫിക്കറ്റും കൈയ്യിൽ കരുതേണ്ടതുമാണ്.
ഫ്ളാറ്റുകളിൽ കോവിഡ് പോസിറ്റീവ് ശ്രദ്ധയിൽപ്പെട്ടാൽ, ഏത് ഫ്ളാറ്റിലാണ് രോഗബാധയുള്ളതെന്ന് നോട്ടീസ് ബോർഡിലൂടെ അറിയിക്കേണ്ടതും വിവരം പോലീസ് സ്റ്റേഷനിലും, ആരോഗ്യ, നഗരസഭ, അധികൃതരെയും അറിയിക്കേണ്ടതാണ്. അതാത് ഫ്ളാറ്റുകളിലെ റസിഡൻസ് അസോസിയേഷനുകൾ നിർബന്ധമായും ഇക്കാര്യങ്ങൾ ഏറ്റെടുത്ത് നടത്തേണ്ടതാണെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. കോവിഡ് രോഗ നിയന്ത്രണത്തിനായി സർക്കാരും പോലീസും ഏർപ്പെടുത്തിയിരിക്കുന്ന സുരക്ഷ നടപടികളോട് പൊതുജനങ്ങൾ പൂർണ്ണമായും സഹകരിക്കണമെന്നും വിലക്ക് ലംഘനങ്ങൾ നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാതെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു.