തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലും തമിഴ്നാട്ടിലുമായി നിരവധി വാഹനമോഷണം നടത്തിയ സംഘത്തെ പോലീസ് പിടികൂടിയതായി ഐ.ജി.പിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു.
കോട്ടുകാൽ പുന്നക്കുളം മേക്കതിൽ മേലെ പുത്തൻവീട്ടിൽ മണികണ്ഠൻ എന്ന് വിളിക്കുന്ന വിഷ്ണു (18), വെങ്ങാനൂർ പനയംകുന്ന് ആനന്ദ് നിവാസിൽ ആദിത്യൻ (18), കോട്ടുകാൽ പുത്തളം കുഴിവിളക്കോണം കോളനിയിൽ കണ്ണൻ എന്ന് വിളിക്കുന്ന സൂരജ് (21) എന്നിവരെയാണ് കോവളം പോലീസ് അറസ്റ്റ് ചെയ്തത്.
കോവളം വാഴമുട്ടത്തെ ഫ്രൂട്ട്സ് കടയിൽ സ്ഥിരമായി സാധനങ്ങൾ മോഷണം നടനുമായി ബന്ധപ്പെട്ടു നടന്ന അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. കഴിഞ്ഞ ദിവസം രാത്രി മോഷണം നടത്താനെത്തിയ പ്രതികളെ നൈറ്റ് പട്രോളിംഗ് നടത്തിയിരുന്ന പോലീസ് പിടികൂടുകയായിരുന്നു. അതെ സമയം പ്രതികൾ ഓടിച്ചു വന്ന വാഹനങ്ങൾ മോഷണ വാഹനമാണെന്ന് പോലീസ് കണ്ടെത്തുകയും ചെയ്തു.
തുടർന്ന് ഡെപ്യൂട്ടി കമ്മീഷണർ ഡോ. വൈഭവ് സകേസനയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി ഷാഡോ പോലീസ് കോവളം എസ്.എച്ച് .ഒ യുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തതിലും മറ്റ് അന്വേഷണങ്ങൾ നടത്തിയതിലും പ്രതികൾ നിരവധി വാഹനങ്ങൾ മോഷ്ടിച്ചതായി തെളിഞ്ഞിട്ടുണ്ട്.
ഇരുചക്രവാഹനങ്ങൾ മോഷ്ടിച്ചെടുത്ത് രാത്രി കറങ്ങി നടന്ന് വ്യാപാര സ്ഥാപനങ്ങളിലും മറ്റും മോഷണം നടത്തുകയും, മോഷണ വാഹനങ്ങൾ പൊളിച്ച് പാർട്സുകൾ വിൽപ്പന നടത്തുകയും, എൻജിനുകൾ മറ്റു വാഹനങ്ങളിൽ മാറ്റി വെച്ച് ഉപയോഗിക്കുന്നതുമാണ് സംഘത്തിന്റെ രീതി. പോലീസ് പിടിക്കുമെന്ന് തോന്നിയാൽ വാഹനങ്ങൾ വഴിയിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടുകയാണ് രീതി എന്ന് പോലീസ് പറഞ്ഞു.
സംഘം മോഷ്ടിച്ചെടുത്ത 5 വാഹനങ്ങൾ പോലീസ് കണ്ടെടുത്തു. കൂടാതെ വട്ടിയൂർക്കാവ്, തിരുവല്ലം, വലിയതുറ, വഞ്ചിയൂർ, നേമം, പാറശാല, പൂവാർ, കളിയിക്കാവിള, തമിഴ്നാട്ടിലെ ഊരമ്പ്, മാർത്താണ്ഡം എന്നീ സ്റ്റേഷൻ പരിധികളിൽ നിന്നും സംഘം വാഹനങ്ങൾ മോഷണം നടത്തിയതായി സൂചന ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് ഡെപ്യൂട്ടി കമ്മീഷണർ ഡോ.വൈഭവ് സകേസന അറിയിച്ചു.
കോവളം ഇൻസ്പെക്ടർ രൂപേഷ് രാജിന്റെ നേതൃത്വത്തിൽ എസ്.ഐ ഗംഗാ പ്രസാദ്, എ.എസ്.ഐ സന്തോഷ്, ശ്രീകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ഷിജു, ബിജേഷ്, ഷൈജു, രാജേഷ് ബാബു, ശ്യാംകൃഷ്ണ, സന്തോഷ്, ഷിജിൻ, അരുൺനാഥ്, ലജീവ്, ശ്രീകാന്ത്, അരുൺ, നൂറുൾ അമീൻ, ഹോംഗാർഡ് ജിനിൽജിത്ത് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.