കോവളം : തിരുവല്ലത്തെ വയോധികയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. വണ്ടിത്തടം പാലപ്പൂർ റോഡ് യക്ഷിയമ്മൻ ക്ഷേത്രത്തിന് സമീപം ദാറുൽസലാം ഹൗസിൽ പരേതനായ റിട്ട. ബി.ഡി.ഒ ലത്തീഫ് സാഹിബിന്റെ ഭാര്യ ജാൻ ബീവിയുടെ (78) മരണം കൊലപാതകമെന്ന് തെളിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് വൃദ്ധയുടെ സഹായിയുടെ കൊച്ചുമകനും അയൽവാസിയുമായ വണ്ടിത്തടം നെടിയവിള അലക്സ് ഭവനിൽ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി അലക്സിനെ (20) തിരുവല്ലം പൊലീസ് അറസ്റ്റുചെയ്തു.
ഒറ്റയ്ക്ക് താമസിച്ചിരുന്ന ജാൻ ബീവി കഴിഞ്ഞ വെളിയാഴ്ചയാണ് വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ സ്ഥിരം സന്ദർശകനായിരുന്നു അലക്സ്. കൊലപാതകം നടന്ന ദിവസം സഹായിയായ സ്ത്രീ ഈ വീട്ടിൽ വന്നുപോയിരുന്നു. ഇവരുടെ മകൻ ജോലിക്ക് പോയ സമയത്താണ് അലക്സ് വീട്ടിൽ എത്തിയത്. കവർച്ചയായിരുന്നു അലക്സിന്റെ ലക്ഷ്യം. എതിർത്തപ്പോൾ ജാൻബീവിയുടെ തല ചുവരിൽ ഇടിപ്പിച്ചു. നിലത്തിട്ട് കൈകൾ പിന്നിൽ കൂട്ടിപ്പിടിച്ച ശേഷം വളയും മോഷ്ടിച്ചു. മോഷ്ടിച്ച സ്വർണവും വിറ്റു കിട്ടിയ പണവും പോലീസ്കണ്ടെടുത്തിട്ടുണ്ട്.
വണ്ടിത്തടം പാലപ്പൂർ റോഡിൽ യക്ഷിയമ്മൻ ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽ വയോധികയെ വെള്ളിയാഴ്ച വൈകിട്ടാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ അണിഞ്ഞിരുന്ന സ്വർണമാലയും രണ്ട് വളകളും മോഷണം പോയതാണ് മരണത്തെ കുറിച്ച് ദുരൂഹതയുയരാൻ കാരണം. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തലയ്ക്കേറ്റ അടിയാണ് മരണകാരണമെന്നത് വ്യക്തമായിരുന്നു.