തിരുവനന്തപുരം : ഇംഗ്ലീഷ് ഇന്ത്യാ ക്ലേ ലിമിറ്റഡിലെ തൊഴിലാളികൾക്കുള്ള ഇടക്കാലാശ്വാസം നൽകുന്നതു സംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമറിയിക്കാൻ കമ്പനി മാനേജ്മെന്റിന് മന്ത്രിതല സമിതി നിർദേശം നൽകി. സെക്രട്ടേറിയറ്റ് അനക്സ് ലയം ഹാളിൽ കമ്പനി മാനേജ്മെന്റ്, തൊഴിലാളി യൂണിയനുകൾ എന്നിവരുമായി വ്യവസായ വകുപ്പു മന്ത്രി ഇ.പി.ജയരാജന്റെ അധ്യക്ഷതയിൽ തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണൻ, ടൂറിസം, സഹകരണം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവർ നടത്തിയ ചർച്ചയിലാണ് തീരുമാനം.
കമ്പനി തുറക്കണമെന്നു തന്നെയാണ് സംസ്ഥാന സർക്കാരിന്റെ നിലപാടെന്ന് ചർച്ചയിൽ തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാകൃഷ്ണൻ വ്യക്തമാക്കി. തൊഴിലാളികൾക്ക് നൽകാനുള്ള ഇടക്കാലാശ്വാസം സംബന്ധിച്ച് കമ്പനി മാനേജ്മെന്റ് ഒരാഴ്ചയ്ക്കുള്ളിൽ ലേബർ കമ്മീഷണറെ തീരുമാനമറിയിക്കണം. കമ്പനിയിൽ ആത്മഹത്യ ചെയ്ത തൊഴിലാളിയുടെ കുടുംബത്തിന് ക്ഷേമമുറപ്പാക്കുന്നതു സംബന്ധിച്ചും അന്നുതന്നെ ലേബർ കമ്മീഷണർ വഴി സംസ്ഥാന സർക്കാരിന് മറുപടി നൽകണമെന്നും മന്ത്രി നിർദേശം നൽകി.
കമ്പനി ബോർഡുമായി കൂടിയാലോചനയ്ക്ക് ഫെബ്രുവരി 19 വരെ സമയം നൽകണമെന്ന കമ്പനി സിഇഒയുടെ അപേക്ഷയ്ക്ക് തൊഴിലാളി യൂണിയനുകളുടെ സമ്മതത്തോടെ മന്ത്രിതല സമിതി അനുമതി നൽകി. ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ കമ്പനിയിലെ തൊഴിൽപ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അടച്ചുപൂട്ടിയ വേളി യൂണിറ്റ് തുറന്നു പ്രവർത്തിപ്പിക്കുന്നതിനുമായി ഫെബ്രുവരി 24-ന് ട്രേഡ് യൂണിയനുകളുമായി മാനേജ്മെന്റ് അന്തിമ ചർച്ച നടത്തി തീരുമാനമെടുക്കുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ വ്യക്തമാക്കി.
തൊഴിലാളികൾക്കെതിരേ ഒരു വിധത്തിലുമുള്ള നടപടികൾക്കും മുതിരരുതെന്ന് മാനേജ്മെന്റിന് മന്ത്രി നിർദേശം നൽകി.അതേ സമയം തൊഴിലാളികളുടെ ഭാഗത്തു നിന്നും പ്രകോപനമുണ്ടാതിരിക്കുന്നതിന് ട്രേഡ് യൂണിയനുകളും നടപടി സ്വീകരിക്കണം. പ്രശ്നങ്ങൾ ഉണ്ടാകുന്നപക്ഷം ഇരു വിഭാഗത്തിനും ലേബർ കമ്മീഷണറെയും തൊഴിൽവകുപ്പു മന്ത്രിയെയും സമീപിക്കാം.
ഫാക്ടറി മാനേജ്മെന്റ് യോഗത്തിൽ സമ്മതം നൽകിയതിന് വിരുദ്ധമായി പ്രവർത്തിക്കുന്ന പക്ഷം സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കും. സ്ഥാപനം തുറന്നു പ്രവർത്തിപ്പിക്കുന്നതിനും തൊഴിൽപ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്. തൊഴിൽനിയമങ്ങൾ പാലിക്കാൻ മാനേജ്മെന്റ് തയ്യാറാകണം.ഫാക്ടറി തുറന്നുപ്രവർത്തിപ്പിക്കാനാവശ്യമായ എല്ലാ പിന്തുണയും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകും. എന്നാൽ തൊഴിലാളികളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്നത് സർക്കാരിന് അംഗീകരിക്കാനാവില്ലെന്ന് മന്ത്രി വ്യക്തമാക്കി.
ചർച്ചയിൽ ലേബർ കമ്മീഷണർ പ്രണബ്ജ്യോതി നാഥ് , അഡീഷണൽ ലേബർ കമ്മീഷണർമാരായ കെ. ശ്രീലാൽ (എൻഫോഴ്സ്മെന്റ് )കെ.എം. സുനിൽ (ഇൻഡസ്ട്രിയൽ റിലേഷൻസ് )എന്നിവരോടൊപ്പം ട്രേഡ്യൂണിയൻ പ്രതിനിധികളായ എസ്.എസ്.പോറ്റി ,ഡി. മോഹനൻ ,രത്നകുമാർ (സി ഐ ടി യു) , അഡ്വ.എം.എ വാഹിദ് ,മണക്കാട് ചന്ദ്രൻകുട്ടി, വഞ്ചിയൂർ രാധാകൃഷ്ണൻ,ആർ.അജിത്കുമാർ (ഐഎൻടിയുസി) ,എസ്.രാധാകൃഷ്ണൻ ,എസ്.ആർ.ബൈജു, കെ ജയകുമാർ (ബി എം എസ് ) തുടങ്ങിയവരും കമ്പനി പ്രതിനിധികളായി ബി.ഭോജ്വാനി, എസ്.ശ്യാം,എസ്.മഹേഷ് എന്നിവരും പങ്കെടുത്തു.