ആര്യനാട് : എൽഡിഎഫ് ഗവൺമെന്റിന്റെ അവസാന വർഷത്തെ ബജറ്റ് ജനകീയ സർക്കാരിന്റെ ജനക്ഷേമ ബജറ്റെന്ന് സി.ദിവാകരൻ എംഎൽഎ. ആര്യനാട് സംഘടിപ്പിച്ച വിതുര സദാശിവൻ അനുസ്മരണ യോഗവും ജനപ്രതിനിധികൾക്കുള്ള സ്വീകരണ യോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കും ഉന്നമനത്തിനുമായി ആത്മാർഥമായി പ്രവർത്തിച്ച കമ്മ്യൂണിസ്റ്റുകാരനാണ് വിതുര സദാശിവനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൽഡിഎഫ് ഗവൺമെന്റിന്റെ തുടർ ഭരണത്തിലേക്ക് ഉള്ള തുടർച്ചയായിട്ടാണ് 2021ലെ ജനകീയ ബജറ്റ് മാറിയിരിക്കുന്നത്. സമസ്ത മേഖലയിലും വികസനത്തിനും ജനക്ഷേമ പ്രവർത്തനങ്ങൾക്കും ഊന്നൽ നൽകുന്നതാണ് ഈ ബജറ്റ്. വിദ്യാർഥികൾക്കു വേണ്ടിയും സ്കൂൾ അടിസ്ഥാനസൗകര്യവികസനത്തിന് വേണ്ടിയും വൻതുകയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. യുവജനക്ഷേമം ലക്ഷ്യമിട്ടുകൊണ്ടുള്ള നിരവധി പദ്ധതികളും ബജറ്റിൽ ഇടംപിടിച്ചു. ക്ഷേമ പെൻഷൻ 1600 രൂപയായി വർധിപ്പിച്ചു കൊണ്ടുള്ള പ്രഖ്യാപനം ജനകീയ സർക്കാരിന്റെ ജനങ്ങളോടുള്ള കരുതൽ കൂടിയാണ്. കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങളെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
സിപിഐ സംസ്ഥാന കൗൺസിൽ അംഗവും എഐടിയുസി ജില്ലാ സെക്രട്ടറിയുമായ മീനാങ്കൽ കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ എം.എസ്.റഷീദ്, ഉഴമലയ്ക്കൽ ശേഖരൻ, കണ്ണൻ.എസ്.ലാൽ, ഇഞ്ചപുരി സന്തു, ജില്ലാ പഞ്ചായത്തംഗമായ രാധിക ടീച്ചർ, മിനി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കളത്തറ മധു, ബിജു മോഹനൻ, അഡ്വക്കേറ്റ് സുരേഷ്, ഗ്രാമ - ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, അംഗങ്ങൾ എന്നിവർ പങ്കെടുത്തു.