തിരുവനന്തപുരം : കെ.എസ്.ആര്.ടി.സി-യിലെ ചില ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്കില്‍ പങ്കെടുത്ത് തിരുവനന്തപുരം നഗരത്തില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിക്കൊണ്ട് റോഡ് ഗതാഗതം തടസ്സപ്പെടുത്തിയ സംഭവത്തില്‍ ബന്ധപ്പെട്ട 18 ഡ്രൈവര്‍മാരുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുന്നതിനുള്ള നടപടികള്‍ മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ചു.
പലതവണയായി റൂട്ട് കട്ട് ചെയ്യുകയും ട്രിപ്പു മുടക്കുകയും 14-ല്‍പ്പരം തവണ അമിതവേഗത്തില്‍ ഓടിച്ചതായി ക്യാമറയില്‍ രേഖപ്പെടുത്തിയതും പ്രസ്തുത സംഭവത്തിന് തുടക്കം കുറിച്ചതുമായ സ്വകാര്യ ബസ്സിന്റെ പെര്‍മിറ്റ് സസ്പെന്‍ഡ് ചെയ്യുന്നതിനും നടപടി ആരംഭിച്ചിട്ടുണ്ട്. ഈ രണ്ട് നടപടികളിലും നിയമാനുസൃതം ആവശ്യമായ നടപടിക്രമങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടമെന്ന നിലയിലാണ് തിരുവനന്തപുരം ആര്.ടി.ഒ ഇവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുള്ളത്.
സംഭവത്തില്‍ ഉത്തരവദികളായ മുഴുവന്‍ പേരുടെയും വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് ഇത്തരം നടപടികള്‍ തുടരുമെന്ന് ഗതാഗതവകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന് അറിയിച്ചു.