'
പ്രതി പിടിയിലായതായി സൂചന
കാട്ടാക്കട : കള്ളിക്കാട് ദേവൻകോട് സ്മിതാ ഭവനിൽ ക്ഷീര കർഷകനായ സോമന്റെ കറവ പശുവിനെ സമീപവാസി ക്രൂരമായി ഉപദ്രവിക്കുകയും വാൽ മുറിച്ചു മാറ്റുകയും ചെയ്തു. വെള്ളിയാഴ്ച അർധ രാത്രിയോടെയാണ് സംഭവം. കുടുംബ വീട്ടിൽ പശുവിനെ കുളിപ്പിച്ച് കെട്ടിയ ശേഷം മകന്റെ വീട്ടിലേക്ക് പോയിരുന്ന സോമൻ ശേഷം രാവിലെ കറവയ്ക്കായി എത്തിയപ്പോഴാണ് പശുവിനു പരിക്ക് പറ്റി വാൽ മുറിഞ്ഞു രക്തം വാർന്ന നിലയിൽ കണ്ടെത്തിയത്.
അഴിച്ചു വിട്ടിരുന്നു പശുവിന്റെ കഴുത്തിലും കാലിലും മുറിവുകൾ ഉണ്ടായിരുന്നു. സോമന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കാട്ടാക്കട പോലീസ് എത്തി അന്വേഷണം നടത്തി കേസ് രജിസ്റ്റർ ചെയ്തു. പശുവിന്റെ ശുശ്രൂഷ നൽകാനായി സമീപ മൃഗാശുപത്രിയിൽ എത്തി വിവരം ധരിപ്പിച്ചു എങ്കിലും ഡോക്ടർ ഇല്ല എന്ന കാരണത്താൽ ജീവനക്കാർ ഇയാളെ മടക്കി അയച്ചു. തുടർന്ന് പലതവണ ഡോക്ടർനെ ബന്ധപ്പെട്ടു എങ്കിലും ഉടൻ വരാം എന്ന മറുപടിയാണ് ലഭിച്ചത് എന്ന് സോമൻ പറയുന്നു.
തന്റെ പശുവിന്റെ ദയനീയാവസ്ഥ പറഞ്ഞു മനസിലാക്കിയിട്ടും ഓപി രജിസ്റ്റർ ചെയ്തില്ല എന്ന കാരണത്താൽ ഡോക്ടർ എത്തിയില്ല എന്നും ഇവർ ആരോപിച്ചു. ഒടുവിൽ ഉച്ചയോടെ ഡോക്ടർ സ്ഥലത്തെത്തി പ്രഥമീക ശുശ്രൂഷ നൽകി. അന്നേ ദിവസം ചെയ്യാനുള്ള ശസ്ത്രക്രീയ അടുത്തദിവസം നടത്താം എന്നു ഡോക്ടർ അറിയിയിച്ചതായും ഉടമ പറഞ്ഞു. മിണ്ടാപ്രാണിയോടുള്ള ക്രൂരത കാട്ടിയ പ്രതിയെ എത്രയും വേഗം പിടികൂടി മാതൃകാപരമായ ശിക്ഷ നൽകണം എന്നു ക്ഷീര സംഘം പ്രസിഡന്റ് സുരേഷ് കുമാർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് സമീപവാസിയെ പോലീസ് കസ്റ്റഡിയിൽ എടുത്തതായി സൂചന ഉണ്ട്.