കാട്ടാക്കട : വിശ്വാസത്തെയും വിശ്വാസികളെയും മറയാക്കി കുടിവെള്ളം മുട്ടിക്കുന്ന നീചകൃത്യത്തിനെതിരെ കക്ഷിരാഷ്ട്രീയം മറന്ന് എല്ലാ ജനങ്ങളും അണിനിരക്കണമെന്ന് ഐ.ബി.സതീഷ് എം.എൽ.എ. നെയ്യാർഡാമിനടുത്ത് മരക്കുന്നത്ത് സർക്കാർ ഭൂമിയിൽ ജലഅതോറിറ്റി സ്ഥാപിക്കുന്ന കുടിവെള്ള പദ്ധതിയെ തടസ്സപ്പെടുത്താനുള്ള ശ്രമങ്ങൾ ചില കേന്ദ്രങ്ങൾ നടത്തുകയാണ്. വിശ്വാസത്തിന്റെ പുകമറ സൃഷ്ടിച്ച് ശിവരാത്രി ദിനത്തിൽ ഒരു സംഘം ക്രിമിനലുകൾ പൊങ്കാല നിവേദ്യമർപ്പിക്കാനെന്ന പേരിൽ സ്ഥലത്തെത്തി അക്രമം അഴിച്ചു വിട്ടത് ഈ ഗൂഡലക്ഷ്യത്തിന്റെ ഭാഗമാണ്. പതിനായിരക്കണക്കിന് ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുക എന്ന ക്രൂര ചിന്താഗതി വച്ച് പുലർത്തുന്നവരാണ് ഇതിന് പിന്നിൽ എന്ന് എം.എൽ.എ പറഞ്ഞു.
രണ്ട് വർഷം മുമ്പാണ് നൂറ്റാണ്ടിലധികം പഴക്കമുള്ള അരുവിക്കര ജലസംഭരണി എന്ന ഏക ജലസ്രോതസ് തലസ്ഥാന നഗരിയുടെ കുടിവെള്ള ആവശ്യത്തിന് തികയുന്നതല്ലെന്ന ബോധ്യമുണ്ടായത്. തുടർന്ന് നടത്തിയ ഭഗീരഥപ്രയത്നത്തിലൂടെയാണ് നെയ്യാർഡാമിലെ വെള്ളം അരുവിക്കരയിലെത്തിച്ച് തിരുവനന്തപുരം നഗരത്തെ ഒരു വരൾച്ചാ ബോംബിൽ നിന്നും അന്ന് രക്ഷിച്ചത്. തലസ്ഥാന നഗരത്തിൽ ഇത്തരത്തിൽ ഇടക്കിടക്കുണ്ടാകുന്ന ജലക്ഷാമത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കുന്നതെങ്ങനെയെന്ന എൽ.ഡി.എഫ് സർക്കാരിന്റെ ആലോചനയിൽ നിന്നും രൂപപ്പെട്ടതാണ് നെയ്യാർഡാം - പി.ടി.പി കുടിവെള്ള പദ്ധതി.
പദ്ധതി കിഫ്ബിയിൽ ഉൾപ്പെടുത്തുകയും യുദ്ധകാലാടിസ്ഥാനത്തിൽ ഡി.പി.ആർ തയ്യാറാക്കുകയും ചെയ്തു. പദ്ധതിക്കായി 206.92 കോടി രൂപ അനുവദിച്ച് സാങ്കേതികാനുമതിയും ലഭ്യമാക്കി. ആദ്യഘട്ട പ്രവർത്തനമെന്ന നിലയിൽ ട്രീറ്റ്മെൻ്റ് പ്ലാൻ്റിന് ടെൻഡർ ക്ഷണിക്കുകയും 2019 സെപ്തംബറിൽ കരാർ ഒപ്പിടുകയും ചെയ്തു. 18 മാസം കൊണ്ട് ട്രീറ്റ്മെൻ്റ് പ്ലാൻ്റ് നിർമ്മാണ പ്രവർത്തനം പൂർത്തിയാക്കുവാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.
സമാന്തരമായി 1.5 മീറ്റർ വ്യാസമുള്ള പൈപ്പുകൾ വഴി കള്ളിക്കാട്, കാട്ടാക്കട, മലയിൻകീഴ്, വിളപ്പിൽ, വിളവൂർക്കൽ, പഞ്ചായത്തുകൾ പിന്നിട്ട് കുണ്ടമൺകടവ് പാലത്തിന് മുകളിലെ പുതുതായുണ്ടാക്കുന്ന പാലം വഴി വലിയവിള ഇലിപ്പോട് വഴി പി.ടി.പിയിലെ ജലസംഭരണിയിലേക്ക് ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്നും ശുദ്ധീകരിച്ച ജലമെത്തിക്കും. തുടർന്ന് അവിടെ നിന്നും നഗരത്തിലേക്കുള്ള മറ്റ് ജലവിതരണ ശൃംഖലകളിലേക്കും ബന്ധിപ്പിക്കും. 2021ഏപ്രിൽ മാസത്തിൽ പൂർത്തിയാകുന്ന തരത്തിൽ ത്വരിതഗതിയിലുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്.
പ്ലാന്റിലെ ആകെ ഉത്പാദന ശേഷിയായ 120 എം.എൽ.ഡിയിൽ (മില്യൺ ലിറ്റർ/ദിവസം) 100 എം.എൽ.ഡി നഗരത്തിലേക്കും, 5 എം.എൽ.ഡി വീതം മാറനല്ലൂർ (കിള്ളിയിൽ നിന്നും), മലയിൻകീഴ്, വിളവൂർക്കൽ (തച്ചോട്ട്കാവ് പിടാരത്ത് നിന്ന്), വിളപ്പിൽ (പേയാട് നിന്ന്) പഞ്ചായത്തുകൾക്കും ലഭ്യമാക്കുന്ന തരത്തിലാണ് പദ്ധതിയുടെ ആദ്യ ഘട്ടം വിഭാവനം ചെയ്തിട്ടുള്ളത്. കാട്ടാക്കട പഞ്ചായത്തിനെ കൂടി ഭാവിയിൽ ഉൾപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും പദ്ധതിയുടെ ഭാഗമായി നടന്നു വരുന്നു.
5 പഞ്ചായത്തുകൾക്കും തലസ്ഥാന നഗരത്തിനും കുറഞ്ഞത് കാൽ നൂറ്റാണ്ട് കാലമെങ്കിലും മുടങ്ങാതെ കുടിവെള്ളം ലഭ്യമാക്കാനുള്ള പദ്ധതിയാണ് നെയ്യാർ ഡാം - പി.ടി.പി കുടിവെള്ള പദ്ധതി. ഈ ബൃഹത് പദ്ധതിയെ ഇല്ലായ്മ ചെയ്ത് പതിനായിരങ്ങളുടെ കുടിവെള്ളം മുട്ടിക്കാനാണ് ചില കേന്ദ്രങ്ങൾ ഇപ്പോൾ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് വിശ്വാസത്തിന്റെയും വിശ്വാസികളുടെയും മറപറ്റി പ്രസ്തുത സ്ഥലം കയ്യേറാനും നിർമ്മാണ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താനുമുള്ള ശ്രമം ശിവരാത്രി ദിനത്തിലുണ്ടായത്. അതുകൊണ്ട് തന്നെ ജീവജലം മുടക്കുകയെന്ന ഈ ഹീനകൃത്ത്യത്തിന് മുതിരുന്നവർക്കെതിരെ എല്ലാ വിഭാഗം ജനങ്ങളും പ്രതികരിക്കണമെന്നും ശക്തമായ പ്രതിഷേധമുയർത്തണമെന്നും ഐ.ബി.സതീഷ് എം.എൽ.എ പറഞ്ഞു.




