പത്തനംതിട്ട : കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ ഡി.എഫ്.ഒ.മാരുടെ ഉത്തരവോടെ ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് വെടിക്കാൻ കർഷകൾക്ക് അനുമതി നൽകാനുള്ള നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു അറിയിച്ചു. എരുമേലി റേയ്ഞ്ചിലെ വണ്ടൻപതാലിൽ നിർമ്മിച്ച പുതിയ മോഡൽ ഫോറസ്റ്റ് സ്റ്റേഷൻ്റെയും സ്റ്റാഫ് ബാരക്കിൻ്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ ഡിഎഫ് ഒമാരുടെ അനുമതിയോടെ യൂണിഫോമിലുള്ള ഒദ്യോഗസ്ഥർക്ക് മാത്രമേ പന്നികളെ വെടിവയ്ക്കാനാവൂ. ജനജാഗ്രതാസമിതിയുടെ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ടവരുടെ അനുമതിയോടെ ലൈസസ് ഉള്ളവർക്ക് പന്നികളെ വെടിവയ്ക്കാനാവശ്യമായ ഉത്തരവ് നൽകാനാണ് ആലോചിക്കുന്നത്. ഇതിനായി പന്നികളെ ശല്യകാരിയായി പ്രഖ്യാപിക്കുന്നതുൾപ്പടെയുള്ള നിയമാനുസൃത നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു,
പൊതുജന സഹകരണത്തോടെയുള്ള വന സംരക്ഷണമാണ് സർക്കാർ നയമെന്നും ഫോറസ്റ്റ് സ്നേഷനുകൾ ജനസൗഹൃദ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 90 ലക്ഷം രൂപ ചെലവിലാണ് വണ്ടൻപതാലിൽ പുതിയ മോഡൽ ഫോറസ്റ്റ് സ്റ്റേഷനും സ്റ്റാഫ് ബാരക്കും നിർമ്മിച്ചിരിക്കുന്നത്.
കാട്ടാനയുടെ ആക്രമണത്തിൻ മരണപ്പെട്ട സൗദാമിനിയുടെ മകന് നഷ്ടപരിഹാരത്തിൻ്റെബാക്കി തുകയായ 4.9 ലക്ഷം രൂപയുടെ ഉത്തരവ് മന്ത്രി ചടങ്ങിൽ കൈമാറി പി.സി.ജോർജ് എം.എൽ.എ.അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആൻ്റോ ആൻ്റണി എംപി മുഖ്യപ്രഭാഷണം നടത്തി.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, മറ്റ് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ ആശംസകളർപ്പിച്ചു. ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ജോർജിപി.മാത്തച്ചൻ സ്വാഗതം പറഞ്ഞ ചടങ്ങിന് കോട്ടയം ഡി.എഫ്.ഒ വൈ. വിജയൻ കൃതജ്ഞത അർപ്പിച്ചു.