കാട്ടാക്കട : ആലമുക്ക് ക്ഷീരസംഘത്തിന് സമീപം റോഡരികിലെ ഓടയിൽ വീണ്ടും കക്കൂസ് മാലിന്യം തള്ളി. ദുര്‍ഗന്ധ മൂലം വഴിയാത്രക്കാരും സമീപവാസികളും വലഞ്ഞു. മഴക്കാലമാകുമ്പോൾ ഓടയിലെ ജലം ഒഴുകി പോകുവാനുള്ള റോഡിനടിയിലെ ഓവ് ചാലിൽ ആണ് കക്കൂസ് മാലിന്യം തള്ളിയിരിക്കുന്നത്.
ഇത് ഒഴുകി സമീപ പറമ്പുകളിലും എത്തി ദുർഗന്ധം വമിക്കുകയാണ്. ഇതേ തുടർന്ന് പ്രദേശത്തെ അൻപതോളം വീടുകളിലുള്ളവർ ദുരിതത്തില്‍ ആണ്. ആയൂർവേദ തൈലത്തിന്റെയും കക്കൂസ് മാലിന്യത്തിന്റെയും ഗന്ധം കാരണം നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് കക്കൂസ് മാലിന്യമാണെന്ന് തിരിച്ചറിഞ്ഞത്.
നേരത്തേ കക്കൂസ് മാലിന്യം ഇരുളിന്റെ മറവില്‍ തള്ളി സാമൂഹികദ്രോഹികള്‍ രക്ഷപ്പെട്ടിരുന്നു. പൂവച്ചൽ, കാട്ടാക്കട ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ജനവാസ കേന്ദ്രങ്ങളിലും വിജന സ്ഥലങ്ങളിലും വാഹനങ്ങളില്‍ കൊണ്ടുവന്ന് കക്കൂസ് മാലിന്യങ്ങള്‍ പ്രദേശത്ത് തള്ളുന്നത് പതിവായിരിക്കുകയാണ്. അനധികൃതമായി കക്കൂസ് മാലിന്യങ്ങളുമായി വരുന്ന വാഹനങ്ങള്‍ക്കെതിരേ ശക്തമായ നടപടി പോലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്ന ആവശ്യം ശക്തമാകുന്നു.



