പ്രതികളുടെ പോലീസ് കസ്റ്റഡി കാലാവധി ഇന്ന് തീരും
പ്രതികളെ രക്ഷെപ്പെടാൻ സഹായിച്ച രണ്ട് പേർ കൂടി ഇനിയും പിടികൂടാനുണ്ട് എന്നു പോലീസ്
കാട്ടാക്കട : കാട്ടാക്കട അമ്പലത്തിൻകാലയിൽ ജെ.സി.ബി കൊണ്ടിടിച്ച് ഭൂവുടമയായ സംഗീതിനെ കൊലപ്പെടുത്തിയ സംഭവത്തിൽ തിങ്കളാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ ഡി വൈ എസ് പി സ്റ്റുവർട്ട് കീലർ, ഇൻസ്പെക്ടർ ഓഫ് പോലീസ് ഡി ബിജുകുമാർ എന്നിവരുടെ നേതൃത്വത്തിൽ ചൊവാഴ്ച്ച പുലർച്ചേ ആറുമണിയോടെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. രാവിലെ 6 മണിയോടെ തന്നെ കേസിലെ പ്രധാന പ്രതികളായ ഉത്തമൻ, സജു എന്നിവർ ഉൾപ്പടെ പത്തു പ്രതികളെയും അമ്പലത്തിൻകാല കാഞ്ഞിരം വിളയിൽ കൊല്ലപ്പെട്ട സംഗീതിന്റെ വീട്ടു വളപ്പിലെത്തിച്ചു.
ആദ്യം ജെ.സി.ബി ഡ്രൈവർ വിജിനെ വാഹനത്തിൽ നിന്നും പുറത്തെത്തിച്ചു മണ്ണെടുത്ത സ്ഥലവും പ്രത്യേക വഴി ഉണ്ടാക്കി ജെ സി ബി പുറത്തിറക്കിയതും വിജിൻ പറഞ്ഞു കൊടുത്തു. ശേഷം ഉത്തമനെയും, സജുവിനേയും ബിനുവിനെയും പുറത്തിറക്കി തെളിവെടുത്തു. മണ്ണെടുത്ത സ്ഥലങ്ങൾ വാക്കു തർക്കം ഉണ്ടായ ഇടം, വാഹനം ഇടിച്ച സ്ഥലം എല്ലാം ഇവർ പൊലീസിന് കാണിച്ചു കൊടുത്തു. അതേസമയം ഉത്തമൻ, സജു എന്നിവരെ വീടിനു സമീപം എത്തിച്ചതോടെ ബന്ധുക്കൾ വീടിനു പുറത്തിറങ്ങി ബഹളം വച്ചു. എല്ലാ സഹായവും ചെയ്തു നൽകിയ പോലീസ് കൊലപാതികളെ കൊണ്ട് വന്നു എന്നും ഇവരെപ്പോലുള്ളവരെ വളർത്തുന്നതെന്നും കൊലപാതകത്തിനുത്തരവാദികൾ പൊലീസാണെന്നും വീട്ടുകാർ ആക്രോശിച്ചു. സ്ത്രീകളടങ്ങിയ ബന്ധുക്കൾ പ്രതികൾക്ക് നേരെ മണ്ണ് വാരിയിട്ട് ശാപവാക്കുകൾ ചൊരിഞ്ഞു.
സഹായികളായി ഉള്ള പ്രതികളെ പോലീസ് റോഡിൽ ഇറക്കി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. പ്രതികളെ തെളിവെടുപ്പിന് ചൊവാഴ്ച്ച എത്തിക്കും എന്ന വിവരം അറിഞ്ഞിരുന്നു എങ്കിലും പുലർച്ചെ എത്തും എന്ന പ്രതീക്ഷ ഇല്ലാത്തതിനാൽ സംഗീതിന്റെ വീടിന്റെ പരിസരത്തു വാഹനങ്ങൾ വന്നു നിക്കുന്നത് ശ്രദ്ധയിൽപെട്ടവരും പോലീസ് വാഹനം കണ്ടു പിറകെ എത്തിയവരും മാത്രമാണ് തെളിവെടുക്കുന്ന സമയം സ്ഥലത്തു ഉണ്ടായിരുന്നത്. തെളിവെടുപ്പിന് കൊണ്ട് വരും എന്നറിഞ്ഞു കൂടുതൽ ആളെത്തിയാൽ സുരക്ഷാ പ്രശ്നങ്ങളും ഒക്കെ കണക്കിലെടുത്താണ് പോലീസ് ഈ നീക്കം നടത്തി തിരികെ വാഹനത്തിൽ കയറ്റി തെളിവെടുപ്പ് പൂർത്തിയാക്കി പൊലീസ് സംഘം പ്രതികളുമായി ഏഴു മണിയോടെ മടങ്ങിയത്.
തുടർന്നു സ്റ്റേഷനിൽ എത്തിച്ച പ്രതികളിൽ ഉത്തമൻ സജു ഉൾപ്പടെ പ്രധാന ആറു പ്രതികളുമായി എസ് എച് ഒ ഡി ബിജുകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം തമിഴ് നാട്ടിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി. ആദ്യം പ്രതികൾ ഒളിവിൽ കഴിഞ്ഞ തൃപ്പരപ്പിലെ ലോഡ്ജ്, ശേഷം കന്യാകുമാരിയിൽ എത്തി താമസിച്ച ലോഡ്ജിലും തെളിവെടുപ്പ് നടന്നു. ഇവിടെ പ്രതികൾ ഉപേക്ഷിച്ച ഫോണിനായുള്ള തെരച്ചിലും നടത്തി.
ഇനി സംഭവ ശേഷം വാഹനങ്ങൾ ഒളിപ്പിച്ച സ്ഥലങ്ങളിലും എത്തിച്ചു തെളിവെടുക്കും.
സംഭവ ശേഷം പ്രതികളെ രക്ഷെപ്പെടാൻ സഹായിച്ച രണ്ട് പേർ കൂടി ഇനിയും പിടികൂടാനുണ്ട് എന്നു പോലീസ് പറയുന്നു. സംഭവത്തിൽ ഉൾപ്പെട്ട രണ്ടു ടിപ്പർ, ഒരു ജെസിബി , ഒരു ബൈക്കും പോലീസ് നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിനു പുറമെ പ്രതികൾ രക്ഷപെടാൻ ഉപായോഗിച്ച ഒരു ഫാസിനോ സ്കൂട്ടർ കൂടെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
ഇതിനിടെ തെളിവെടുപ്പിന് കൊണ്ട് വന്ന പ്രധാന പ്രതികളെ തങ്ങളെ കാണിച്ചില്ലന്നും കാട്ടാക്കട പൊലീസിന്റെ അന്വേഷണത്തിൽ തൃപ്തിയില്ലന്നും മറ്റേതെങ്കിലും ഏജൻസിയെക്കൊണ്ട് അന്വേഷണം നടത്തി കുറ്റക്കാർക്ക് ശിക്ഷ നൽകിക്കണമെന്നും വീട്ടുകാർ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ സാക്ഷികളെ നിറുത്തി തിരിച്ചറിയൽ നടപടികൾ പോലീസ് ആരംഭിച്ചിട്ടില്ല ഇപ്പോൾ തെളിവെടുപ്പാണ് നടക്കുന്നത് സാക്ഷികളെ വച്ചുള്ള തിരിച്ചറിയൽ നടപടികൾ ഇനിയും നടക്കേണ്ടതുണ്ട്. പോലീസ് അന്വേഷണം നിഷ്പക്ഷമായും കാര്യക്ഷമമായും നടക്കുകയാണ്. പ്രതികളെ എല്ലാം തിരിച്ചറിഞ്ഞു കഴിഞ്ഞു. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കും. ശാസ്ത്രീയ തെളിവുകളുടെ രേഖകൾ കൂടെ ലഭിക്കേണ്ടതുണ്ട് ഇതു ലഭിക്കുന്ന മുറക്ക് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കും എന്നു അന്വേഷണ ഉദ്യോഗസ്ഥനായ കാട്ടാക്കട ഇൻസ്പെക്ടർ ഓഫ് പോലീസ് ഡി ബിജുകുമാർ പറഞ്ഞു.



